
ദുബായ്/കണ്ണൂർ: എട്ടാമത് കണ്ണൂർ ബീച്ച് റൺ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറുന്നു. എത്യോപ്യയിലെ മുൻനിര ദീർഘദൂര ഓട്ടക്കാർ ഇത്തവണ കണ്ണൂർ ബീച്ച് റണ്ണിൽ മത്സരിക്കും. ഡോ. ഷംഷീർ വയലിന്റെ ക്ഷണപ്രകാരമാണ് പയ്യാമ്പലം ബീച്ചിൽ 23-ന് നടക്കുന്ന മത്സരത്തിൽ അന്താരാഷ്ട്ര താരങ്ങൾ പങ്കെടുക്കാനെത്തുന്നത്. ആഗോളതലത്തിൽ ശ്രദ്ധേയരായ ആറ് എത്യോപ്യൻ റണ്ണർമാരാണ് ഞായറാഴ്ച നടക്കുന്ന ബീച്ച് റണ്ണിൽ ഭാഗമാകുക.
ഇന്ത്യൻ റണ്ണർമാരെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആഗോളതലത്തിൽ ശ്രദ്ധേയനായ ആരോഗ്യ സംരംഭകനും കണ്ണൂർ ബീച്ച് റണ്ണിന്‍റെ മെന്ററുമായ ഡോ. ഷംഷീർ വയലിൽ വിദേശ താരങ്ങളെ കണ്ണൂരിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചത്. വെള്ളിയാഴ്ച ആറ് അന്താരാഷ്ട്ര താരങ്ങൾ കണ്ണൂരിൽ എത്തുന്നതോടെ ബീച്ച് റണ്ണിന്റെ ഈ എഡിഷൻ ശ്രദ്ധേയമാകും.
കേരളത്തിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള ഹാഫ് മാരത്തോൺ കൂടിയാണ് കണ്ണൂർ റൺ. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിക്കുന്ന റണ്ണിന് കഴിഞ്ഞ എട്ട് വർഷങ്ങളായി മികച്ച പിന്തുണ നൽകിവരികയാണ് ഡോ. ഷംഷീർ വയലിൽ. ഹാഫ് മാരത്തോണിന് അന്താരാഷ്‌ട്ര അംഗീകാരങ്ങൾ കൂടി ലഭ്യമാക്കാനും കൂടുതൽ അത്ലറ്റുകളെ വടക്കേ മലബാറിലേക്ക് ആകർഷിക്കാനുമാണ് വിപുലമായ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പുരുഷ വിഭാഗത്തിൽ മേഹാരി ബെർഹാനു (അഡിസ് അബാബ ഹാഫ് മാരത്തോൺ, എത്യോപ്യൻ ഗ്രേറ്റ് റൺ ചാമ്പ്യൻ), കേബെഡെ നെഗാഷ് (അസ്സാലാ ഹാഫ് മാരത്തോൺ ചാമ്പ്യൻ, എത്യോപ്യൻ നാഷണൽ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് റണ്ണർ-അപ്പ്), തെഷോമെ ദാബ ബുലെസ (സ്വിറ്റ്സർലാൻഡിലെ റോഡ് റേസുകളിൽ മികച്ച പ്രകടനം) എന്നിവർ മത്സരിക്കും. മിൽക്കിറ്റു മെലുട്ട (ഓറോമിയ ചാമ്പ്യൻഷിപ്പ് വിജയി), മെസെററ്റ് ദിരിബ (എത്യോപ്യൻ നാഷണൽ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം), ബെക്കെലു അബെബെ (റബാത്ത് ഹാഫ് മാരത്തോൺ, അഡിസ് അബാബ റണ്ണിൽ മികച്ച പ്രകടനം) എന്നിവരാണ് വനിതാ വിഭാഗത്തിൽ മാറ്റുരയ്ക്കുക.
വിജയികൾക്ക് 1,30,000 രൂപയാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനത്തിന് 85,000 രൂപ, മൂന്നാം സ്ഥാനത്തിന് 40,000 രൂപ എന്നിങ്ങനെയാണ് യഥാക്രമം സമ്മാനത്തുക. 21.1 കിലോ മീറ്റര്‍ ഹാഫ് മാരത്തോൺ, 10 കിലോമീറ്റർ റൺ, 3 കിലോമീറ്റര്‍ ആരോഗ്യ അവബോധ റൺ എന്നിവയാണ് ഇത്തവണ കണ്ണൂർ റണ്ണിൻ്റെ ഭാഗമായ മത്സര വിഭാഗങ്ങൾ.
അന്താരാഷ്ട്ര റണ്ണർമാരുടെ പങ്കാളിത്തം, കണ്ണൂർ ബീച്ച് റണ്ണിന് ഒരു പുതിയ തലം നൽകുമെന്ന് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ ജോയിന്റ് സെക്രട്ടറി എ കെ മുഹമ്മദ് റഫീക്ക് പറഞ്ഞു. "മികച്ച കായിക പ്രതിഭകളെ ആകർഷിച്ച്, ഈ ഇവന്റിനെ ഇന്ത്യയിലെ മികച്ച റണ്ണിംഗ് ഇവന്റുകളിലൊന്നായി മാറ്റാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ഡോ. ഷംഷീർ വയലിലിന്റെ പിന്തുണ ഈ കായിക ഉദ്യമത്തിന് വിപുലമായ സ്വീകാര്യത നൽകും" - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ അവസാനിക്കും.വിശദാംശങ്ങൾ www.kannurbeachrun.com വെബ്സൈറ്റിൽ ലഭ്യമാണ്.