ഒമാനില്‍ അപകടത്തില്‍ നാലുപേര്‍ മരിച്ച സംഭവം; കണ്ണൂര്‍ സ്വദേശിക്ക് തടവുശിക്ഷ, നാട് കടത്താനും കോടതി ഉത്തരവ്

ഒമാനില്‍ അപകടത്തില്‍ നാലുപേര്‍ മരിച്ച സംഭവം; കണ്ണൂര്‍ സ്വദേശിക്ക് തടവുശിക്ഷ, നാട് കടത്താനും കോടതി ഉത്തരവ്

@noorul ameen 


ഒമാനില്‍ അപകടകരമായ ഡ്രൈവിങ്ങിനെ തുടര്‍ന്ന് മലയാളിയുള്‍പ്പെടെ നാലുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയെ തടവിനും നാടുകടത്തലിനും ഒമാന്‍ കോടതി ശിക്ഷിച്ചു. കഴിഞ്ഞ വര്‍ഷം മേയ് എട്ടിനായിരുന്നു ദാരുണമായ സംഭവം അരങ്ങേറിയത്.

വണ്‍വേ പാതയില്‍ തെറ്റായ ദിശയില്‍ ട്രക്ക് ഓടിച്ചതാണ് അപകടത്തില്‍പ്പെട്ടത്. ഇതോടെ 11ഓളം വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. സുഹാര്‍ ലിവ റൗണ്ട് എബൗട്ടില്‍ ഉണ്ടായ അപകടത്തില്‍ തൃശൂര്‍ സ്വദേശി സുനില്‍ കുമാര്‍ ആണ് മരിച്ച മലയാളി.

സുനില്‍ കുമാറിന്റെ ഭാര്യ ജീജ, മക്കളായ മയൂര, നന്ദന എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. മരിച്ച മറ്റുള്ളവര്‍ ഒമാനി സ്വദേശികളാണ്. അപകടകരമായ വാഹനമോടിച്ച കണ്ണൂര്‍ സ്വദേശിയായ പ്രതിയായ മുഹമ്മദ് ഫറാസിനെ ജയില്‍ ശിക്ഷക്ക് ശേഷമാണ് നാടുകടത്തുക. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ലിവ വിലായത്തിലെ പ്രാഥമിക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന രീതിയില്‍ അമിത വേഗത്തില്‍ വാഹനമോടിച്ചതിനും എതിര്‍ദിശയിലടെ വാഹനമോടിച്ച് മനഃപൂര്‍വം ഗതാഗതം തടസ്സപ്പെടുത്തി നാലു പേരുടെ മരണത്തിനിടയാക്കിയതിനും ഫറാസ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തുകയായിരുന്നു.

ആദ്യ കുറ്റത്തിന് രണ്ടു വര്‍ഷവും രണ്ടാമത്തേതിന് മൂന്നു മാസവുമാണ് തടവ് ശിക്ഷ വിധിച്ചത്. ശിക്ഷകള്‍ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ഒരു വര്‍ഷത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനും അറബിയിലും ഹിന്ദിയിലും വിധി പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടു. ശിക്ഷ അനുഭവിച്ചതിനു ശേഷം ഒമാനില്‍നിന്ന് സ്ഥിരമായി നാടുകടത്തണമെന്നും ഉത്തരവില്‍ പറയുന്നു.