മട്ടന്നൂരിലെ ക്ലോക്ക് ടവര്‍ ഏപ്രിലില്‍ പൂര്‍ത്തിയാക്കണം
@noorul ameen
മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി കെ കെ ശൈലജ എംഎല്‍എയുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റ് കോണ്‍റഫന്‍സ് ഹാളില്‍ അവലോകനം ചെയ്തു.
പദ്ധതികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കണമെന്ന് എം.എല്‍.എ പറഞ്ഞു.
മട്ടന്നൂര്‍ കരിയര്‍ ഗൈഡന്‍സ് സെന്റര്‍ ആന്റ് റഫറന്‍സ് ലൈബ്രറിയുടെ സിവില്‍ വര്‍ക്ക് മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും. മട്ടന്നൂര്‍ നഗരത്തിലെ ക്ലോക്ക് ടവര്‍ നിര്‍മാണം ഏപ്രിലില്‍ പൂര്‍ത്തിയാക്കണമെന്ന് എം.എല്‍.എ നിര്‍ദ്ദേശിച്ചു.
മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് പഞ്ചായത്തുകളില്‍ നിന്ന് ലഭിക്കേണ്ട എന്‍.ഒ.സികള്‍ വേഗത്തിലാക്കാന്‍ എഞ്ചിനിയര്‍മാര്‍ മുന്‍കയ്യെടുക്കണമെന്നും എം.എല്‍.എ പറഞ്ഞു. സ്‌കൂളുകള്‍ക്ക് ബസുകള്‍ നല്‍കുന്നതിനുള്ള തടസങ്ങള്‍ മനസ്സിലാക്കി പരിഹരിക്കാന്‍ വിദ്യാഭ്യാസവകുപ്പും തദ്ദേശസ്ഥാപനങ്ങളും ശ്രമിക്കണം. കോളയാട് പഞ്ചായത്തിലെ മേനച്ചൊടി ഗവ. യു.പി സ്‌കൂള്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയായെന്നും വൈദ്യുതീകരണം മാത്രമാണ് ബാക്കിയുള്ളതെന്നും എല്‍.എസ്.ജെ.ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു. തില്ലങ്കേരിയിലെ പെരിങ്ങാനം വലയിപറമ്പ് റോഡ്, മാങ്ങാട്ടിടത്തെ കൊമ്പില്‍വയല്‍ കനാല്‍ റോഡ്, കൂടാളിയിലെ കുംഭം- അച്ചുകുന്ന് റോഡ്, കോവൂര്‍ വിലങ്ങേരിക്കുന്ന് റോഡ്, കീഴല്ലൂര്‍ വട്ടക്കുണ്ട് പാലത്തിന്റെ അപ്രോച്ച് റോഡ് തുടങ്ങിയവയുടെ പ്രവൃത്തി പൂര്‍ത്തിയായി. ചിറ്റാരിപ്പറമ്പിലെ പതിനാലാം മൈല്‍ ലക്ഷംവീട് വലിയവെളിച്ചം റോഡ് നിര്‍മാണം മാര്‍ച്ചില്‍ പൂര്‍ത്തിയാകും.
കാഞ്ഞിരോട് ബസ് കാത്തിരിപ്പ് കേന്ദ്രം, എയര്‍പോര്‍ട്ട് മൂന്നാം ഗേറ്റിലെ ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവയുടെയും നിര്‍മാണം പൂര്‍ത്തിയായി. മച്ചൂര്‍മല ടൂറിസം പദ്ധതി പാര്‍ക്കിന് പ്രത്യേക അനുമതി ലഭിച്ചെന്നും എസ്റ്റിമേറ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഇരിട്ടി ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. കൂടാളി കൊളപ്പ വോളിബോള്‍ സ്റ്റേഡിയത്തിലെ വോളിബോള്‍ കോര്‍ട്ട് നിര്‍മാണം പൂര്‍ത്തിയായി. ഗ്രില്‍വര്‍ക്ക് പുരോഗമിക്കുന്നു. ഗ്രാമീണ റോഡുകളുടെ വികസനം, സ്‌കൂള്‍ കെട്ടിടനിര്‍മാണം, അങ്കണവാടി കെട്ടിട നിര്‍മാണം, മിനി മാസ്റ്റ് ലൈറ്റ്, ആശുപത്രി കെട്ടിട നിര്‍മാണം തുടങ്ങി മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു. നിരവധി പദ്ധതികള്‍ പൂര്‍ത്തിയായതായും ചിലത് മാര്‍ച്ചില്‍ തന്നെ പൂര്‍ത്തീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആറ് മാസത്തിന് ശേഷം വീണ്ടും അവലോകന യോഗം ചേര്‍ന്ന് പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യും. സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ എം ശിവപ്രകാശന്‍ നായര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടര്‍ ഡോ. എം. സുര്‍ജിത്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ടി രമ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.