
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പ്രതി അഫാന്റെ കുടുംബത്തിന് കടം നല്‍കിയവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു തുടങ്ങി. അമ്മയ്ക്ക് മാത്രം 65 ലക്ഷം രൂപ കടമുണ്ടെന്നും ആത്മഹത്യ ചെയ്യാനായിരുന്നു ആദ്യ പദ്ധതിയെന്നുമാണ് അഫാന്‍ പോലീസിന് നല്‍കിയ വിവരം. കൂട്ടക്കൊലയ്ക്ക് കാരണം, വന്‍ കട ബാധ്യതയെന്ന നിഗമനത്തിലേക്ക് എത്തുകയാണ് പൊലീസ്.
കുടുംബത്തിന് പണം നല്‍കിയവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. ഇവര്‍ പ്രശ്‌നമുണ്ടാക്കിയോ എന്നും അന്വേഷിക്കും. മുത്തശ്ശിയെ കൊലപ്പെടുത്തി എടുത്ത മാല അഫാന്‍ പണയം വെച്ചശേഷം അതിലെ ഒരു നിശ്ചിത തുക കടംവീട്ടാനാണ് ഉപേയാഗിച്ചത്. കാമുകി ഫര്‍സാനയുടെ മാലയും അഫാന്‍ പണയം വെച്ചിരുന്നു. പകരം മുക്കുപണ്ടം നല്‍കുകയായിരുന്നു. ഈ മാല എടുത്ത് തരണമെന്ന് ഫര്‍സാന അടുത്തിടെ ആവശ്യപ്പെട്ടിരിന്നുവെന്ന് പൊലീസ് പറയുന്നു. അഫാന്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ജീവിതവുമായി മുന്നോട്ട് പോകാന്‍ കഴിയുന്നില്ല, അത്രമാത്രം സാമ്പത്തിക ബാധ്യതയുണ്ട്. മനസ്സാക്ഷിയെ ഞെട്ടിച്ച കൊലാപാതകങ്ങള്‍ക്ക് പിന്നില്‍ ഇതാണ് കാരണം എന്നാണ് വെഞ്ഞാറമൂട് സ്റ്റേഷനില്‍ എത്തിയപ്പോള്‍ അഫാന്‍ പറഞ്ഞത്. പൊലീസ് സ്വന്തം നിലയില്‍ കണ്ടെത്തിയ തെളിവുകളും അഫാന്റെ വാദം ശരിവെക്കുന്ന തരത്തിലാണെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു.
കേസില്‍ ഡോക്ടര്‍മാരുടെ അനുമതി ലഭിച്ചാലുടന്‍ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തും. അഫാനെ മെഡിക്കല്‍ കോളേജില്‍ വച്ചുതന്നെ അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം. തുടര്‍ന്ന് മജിസ്‌ട്രേട്ടിനെ ആശുപത്രിയിലെത്തിച്ച് റിമാന്‍ഡ് ചെയ്ത് ആശുപത്രിയില്‍ തുടരും. കഴിഞ്ഞ ദിവസം രാത്രി ഡോക്ടറുടെ സമ്മതപ്രകാരം ആറ്റിങ്ങള്‍ പോലീസ് അഫാന്റെ മൊഴിയെടുക്കാന്‍ മെഡിക്കല്‍ കോളേജിലെത്തിയെങ്കിലും അഫാന്റെ മാനസികനില ശരിയല്ലെന്ന് അറിയിച്ചതിനാല്‍ മടങ്ങുകയായിരന്നു. അഫാന്റെ സേര്‍ച്ച് ഹിസ്റ്ററി പരിശോധിക്കാന് സൈബര്‍ പൊലീസിനും കത്ത് നല്‍കി.