
ഹൈദരാബാദ്: തെലങ്കാന ടണൽ ദുരന്തത്തിൽ കാണാതായ എട്ട് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കേരളാ പൊലീസിന്റെ മായ, മർഫി എന്നീ കഡാവർ നായ്ക്കളാണ് മൃതദേഹമുള്ള ഭാഗങ്ങൾ കണ്ടെത്തിയത്. ബോറിംഗ് മെഷിന്‍റെ ഉള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.മുന്നൂറോളം പേരടങ്ങുന്ന 11 സേനകളുടെ സംഘം സംയുക്തമായി നടത്തിയ തെലങ്കാനയിലെ ടണൽ രക്ഷാദൗത്യത്തിൽ നിർണായകമാകുന്നത് കേരളാ പൊലീസിന്‍റെ അഭിമാനമായ മായ, മർഫി എന്നീ രണ്ട് കഡാവർ നായ്ക്കളുടെ സേവനമാണ്.
ഇവർ രണ്ട് ദിവസം മുൻപ് ചൂണ്ടിക്കാണിച്ച രണ്ട് സ്പോട്ടുകളിൽ ഒന്നിൽ നിന്നാണിപ്പോൾ 16-ാം ദിനം ഒരു മൃതദേഹം കിട്ടിയിരിക്കുന്നത്. തകർന്നടിഞ്ഞ ബോറിംഗ് മെഷീനുള്ളിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹമുള്ളത്. ആരുടേതെന്ന് തിരിച്ചറിയാനാവുന്ന സ്ഥിതിയിലല്ല. കൈയ്യും മറ്റ് ചില ശരീരഭാഗങ്ങളും മാത്രമാണ് ബാക്കി. ബോറിംഗ് മെഷീൻ പതിയെ മുറിച്ച് മാറ്റിയാണ് മൃതദേഹം പുറത്തെടുക്കുക. ഫെബ്രുവരി 23-ന് നാഗർകുർണൂലിലെ ടണൽ ഇടിഞ്ഞ് വീണ് എട്ട് പേരാണ് കുടുങ്ങിയത്. ചെളിയും വെള്ളക്കെട്ടും പാറക്കല്ലുകളും തകർന്ന യന്ത്രാവശിഷ്ടങ്ങളും കടന്ന്, എളുപ്പത്തിൽ രക്ഷാപ്രവർത്തനം നടത്താനാകുന്ന സ്ഥിതിയായിരുന്നില്ല ടണലിനകത്ത്.
കൂടുതൽ മണ്ണും പാറയും ഇടിയാൻ സാധ്യതയെന്ന ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ശ്രദ്ധാപൂർവമായിരുന്നു രക്ഷാ പ്രവർത്തനം. റോബോട്ടിക്, എൻഡോസ്കോപ്പിക് ക്യാമറകളടക്കം വിന്യസിച്ച് നടത്തിയ ആദ്യഘട്ട തെരച്ചിലിൽ ഫലമുണ്ടായില്ല. പിന്നീട് ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാറുകൾ ചിലയിടത്ത് മനുഷ്യശരീരമെന്ന് കരുതുന്ന വസ്തുക്കളുണ്ടെന്ന് കണ്ടെത്തി. അവിടേക്കും പരിശോധനയ്ക്കായി കടക്കാൻ കഴിയുമായിരുന്നില്ല.
ഒടുവിലാണ് വയനാട് ദുരന്തത്തിലടക്കം രക്ഷാദൗത്യത്തിൽ നിർണായക പങ്ക് വഹിച്ച മായയെയും മർഫിയെയും മാർച്ച് ആറാം തീയതിയോടെ നാഗർകുർണൂലിലെത്തിച്ചത്. പരിശോധനയുടെ രണ്ടാം ദിനം തന്നെ അവർ മൃതദേഹമുണ്ടെന്ന് സൂചിപ്പിക്കുന്ന രണ്ട് സ്പോട്ടുകൾ ചൂണ്ടിക്കാണിച്ച് നൽകി. അതിലൊന്നിൽ ജാഗ്രതയോടെ നടത്തിയ പരിശോധനയിലാണ് ഇപ്പോൾ ഒരു മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ആരുടേതെന്ന് തിരിച്ചറിയാനായിട്ടില്ല. മായയെയും മർഫിയെയും ഉപയോഗിച്ച് കൂടുതൽ വിശദമായ പരിശോധനകൾക്ക് ഒരുങ്ങുകയാണിപ്പോൾ നാഗർ കുർണൂലിലെ രക്ഷാദൗത്യസംഘം.