പാസ്‌പോര്‍ട്ട് നിയമം ഭേദഗതി ചെയ്ത് കേന്ദ്രം; 2023 ഒക്ടോബര്‍ 1ന് ശേഷം ജനിച്ചവര്‍ ഈ രേഖകള്‍ സമര്‍പ്പിക്കണം
പാസ്‌പോര്‍ട്ട് നിയമങ്ങള്‍ ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. പുതിയ ഭേദഗതി പ്രകാരം 2023 ഒക്ടോബര്‍ ഒന്നിനോ അതിന് ശേഷമോ ജനിച്ച പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് ഉചിതമായ അധികാരികള്‍ നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ ജനന തീയതി തെളിയിക്കുന്നതിനുള്ള ഏക തെളിവായി നല്‍കാനാകൂ. 1980ലെ പാസ്‌പോര്‍ട്ട് നിയമങ്ങളിലെ ഭേദഗതി പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടുള്ള ഔദ്യോഗിക കുറിപ്പ് പുറത്തിറക്കി.1967 ലെ പാസ്‌പോര്‍ട്ട് നിയമത്തിലെ സെക്ഷന്‍ 24 ലെ വ്യവസ്ഥകള്‍ പ്രകാരമാണ് ചട്ടങ്ങള്‍ ഭേദഗതി ചെയ്തത്.
പുതുക്കിയ പാസ്‌പോര്‍ട്ട് നിയമങ്ങള്‍ പ്രകാരം 2023 ഒക്ടോബര്‍ ഒന്നിനോ അതിന് ശേഷമോ ജനിച്ച വ്യക്തികള്‍ക്ക് ജനന-മരണ രജിസ്ട്രാര്‍, മുന്‍സിപ്പല്‍ കോര്‍പറേഷന്‍, അല്ലെങ്കില്‍ 1969 ലെ ജനന മരണ രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം അധികാരപ്പെടുത്തിയ മറ്റേതെങ്കിലും അതോറിറ്റി എന്നിവ നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റുകള്‍, ജനന തീയതിയുടെ തെളിവായി സ്വീകരിക്കും. ( മറ്റ് അപേക്ഷകള്‍ക്ക് മുന്‍പ് ചെയ്തിരുന്നതുപോലെ ബദല്‍ രേഖകള്‍ സമര്‍പ്പിക്കുന്നത് തുടരാം)