
തൃശൂർ: തൃശൂരിൽ റെയിൽവേ ട്രാക്കിൽ ഇരുമ്പ് റാഡ് കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതിയുടെ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്. സംഭവത്തിൽ തമിഴ്നാട് സ്വദേശി ഹരി (38) ആണ് പിടിയിലായത്. റെയിൽ റാഡ് മോഷ്ടിക്കാൻ നടത്തിയ ശ്രമത്തിനിടെയാണ് സംഭവം. പ്രതി കഞ്ചാവ് ലഹരിക്ക് അടിമയാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. പ്രദേശത്ത് അലഞ്ഞുതിരിഞ്ഞുനടക്കുന്നയാളാണ് പിടിയിലായ ഹരി.
കഞ്ചാവ് വാങ്ങുന്നതിനുള്ള പണം കണ്ടെത്തുന്നതിനായാണ് ഇരുമ്പ് റാഡ് മോഷ്ടിക്കാൻ ശ്രമിച്ചതെന്നാണ് പ്രതിയുടെ മൊഴി. ഇന്ന് പുലർച്ചെ 4.55 നാണ് സംഭവം. റെയില്‍വെ ട്രാക്കിന്‍റെ പുറത്ത് കിടന്നിരുന്ന ഇരുമ്പ് റാഡ് എടുത്തുകൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, ഭാരമേറിയതിനാൽ അധികം മുന്നോട്ട് കൊണ്ടുപോകാനായില്ലെന്നും കയ്യിൽ നിന്ന് വഴുതി ട്രാക്കിൽ വീണെന്നും പ്രതി മൊഴി നൽകി.
ഇരുമ്പ് റാഡ് ട്രാക്കിൽ വീണതോടെ പ്രതി പരിഭ്രാന്തിയിലായി. വലിയ അപകടമുണ്ടാകുമെന്ന് ഭയന്നതോടെ ഇരുമ്പ് റാഡ് അൽപം വലിച്ച് പുറത്തേക്കിട്ടശേഷം സ്ഥലം വിടുകയായിരുന്നു. ട്രാക്കിൽ നിന്ന് പൂര്‍ണമായും നീക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനുശേഷമാണ് ട്രാക്കിലൂടെ ഗുഡ്സ് ട്രെയിൻ കടന്നുപോയത്. ഗുഡ്സ് ട്രെയിൻ ഇരുമ്പ് റാഡ് തട്ടിതെറിപ്പിച്ചാണ് കടന്നുപോയത്.
തുടര്‍ന്ന് ഗുഡ്‌സ് ട്രെയിനിന്‍റെ ലോക്കോ പൈലറ്റാണ് സംഭവം റെയിൽവേ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞു. തടിക്ഷണം പോലെ എന്തോ കണ്ടെന്നാണ് ലോക്കോ പൈലറ്റ് അറിയിച്ചത്. തൃശ്ശൂർ -എറണാകുളം ഡൗൺലൈൻ പാതയിലാണ് റാഡ് കയറ്റിവെച്ചത്. ആർപിഎഫ് ആർപിഎഫ് ഇന്റലിജൻസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ് സംഭവം. സംഭവത്തിൽ അട്ടിമറി സംശയിച്ചിരുന്നെങ്കിലും വേഗത്തിൽ തന്നെ പ്രതിയിലേക്ക് എത്താനായി. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ നിര്‍ണായകമായത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് ഹരിയെ പിടികൂടിയത്.