
മദീന: മദീനയിലെ പ്രവാചക പള്ളിയായി അറിയപ്പെടുന്ന മസ്ജിദുന്നബവി റമദാൻ പ്രമാണിച്ച് സുഗന്ധ പൂരിതമാകുന്നത് 40 തവണ. ഹറമിന്റെ വിവിധ ഭാഗങ്ങളിലായാണ് സുഗന്ധം പരത്തുന്നത്. മഗ് രിബ്, ഇശാ സമയങ്ങൾക്കിടയിലാണ് ഏറ്റവും കൂടുതൽ സുഗന്ധം പടർത്തുന്നത്. ഇതു സംബന്ധിച്ച വിവരങ്ങൾ പ്രവാചക പള്ളി സുഗന്ധപൂരിതമാക്കുന്നതിനായി നിയോഗിക്കപ്പെട്ട വകുപ്പിലെ അധികൃതരാണ് പുറത്തുവിട്ടത്.
റമദാനിന്റെ ആരംഭം മുതൽ തന്നെ ഹറമിനുള്ളിൽ സുഗന്ധം പരത്തുന്നതിനുള്ള പ്രവൃത്തികൾ സജീവമാക്കിയിരുന്നു. മികച്ച സുഗന്ധദ്രവ്യങ്ങളും ഊദുമാണ് ഇതിനായി ഉപയോഗിക്കുന്നത്. റമദാനിൽ നിരവധി ആളുകളാണ് ഇവിടം സന്ദർശിക്കാനെത്തുന്നത്. ഓരോ ദിവസവും ഏറ്റവും കുറഞ്ഞത് അര കിലോഗ്രാം ഊദ് എങ്കിലും മസ്ജിദുന്നബവിയിൽ പുകക്കുന്നുണ്ട്. ഇതിനായി പ്രത്യേക പരിശീലനം നേടിയ 25 ജീവനക്കാരെ നിയോഗിച്ചിട്ടുള്ളതായും അധികൃതർ വ്യക്തമാക്കി.