ഈരാറ്റുപേട്ടയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി, മൂന്ന് പേര്‍ അറസ്റ്റില്‍

ഈരാറ്റുപേട്ടയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി, മൂന്ന് പേര്‍ അറസ്റ്റില്‍


കോട്ടയം: ഈരാറ്റുപേട്ടയിൽ ജലാറ്റിൻ സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററുകളുമടക്കമുള്ള സ്ഫോടക വസ്തുക്കൾ കണ്ടെത്തി. കഴിഞ്ഞ ദിവസം കട്ടപ്പനയിൽ നിന്ന് സ്ഫോടക വസ്തുക്കളുമായി പിടികൂടിയ ഷിബിലിനേയും കൂട്ടാളി മുഹമ്മദ് ഫാസിലിനേയും ചോദ്യം ചെയ്തപ്പോഴാണ് ഈരാറ്റുപേട്ടയില്‍ വില്‍പ്പന നടത്തിയ വിവരം ലഭിച്ചത്. തുടര്‍ന്ന്  ഇവരിൽ നിന്ന് സ്ഫോടക വസ്തുക്കൾ വിലക്ക് വാങ്ങിയ മൂന്ന് ഇടുക്കി സ്വദേശികളേയും പൊലീസ് അറസ്റ്റ് ചെയ്തു 

അനധികൃത പാറമടകളിലേക്ക് കടത്തുകയായിരുന്ന സ്‌ഫോടക വസ്തുക്കള്‍ കട്ടപ്പന പൊലീസ് പിടികൂടിയത് കഴിഞ്ഞ ദിവസമാണ്. കട്ടപ്പന പുളിയന്‍മലയ്ക്ക് സമീപത്തുനിന്നാണ് 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിന്‍ സ്റ്റിക്കുകളുമാണ് പിടിച്ചെടുത്തത്. ഹൈറേഞ്ച് മേഖലകളിലെ അനധികൃത പാറമടകളിലേക്കും, കുളം-കിണര്‍ പണിക്കാര്‍ക്കും കൈമാറാനാണ് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചതെന്നാണ് വിവരം. കേസില്‍ ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശിയായ ഷിബിലി (43)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പുളിയന്മലയ്ക്ക് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് ജീപ്പില്‍ കൊണ്ടുവരികയായിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊലീസ് കണ്ടെത്തിയത്. 

ജലാറ്റിന്‍ സ്റ്റിക്കുകള്‍, ഫ്യൂസ് വയറുകള്‍ എന്നിവയാണ് വന്‍തോതില്‍ പിടികൂടിയത്. കര്‍ണാടകയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൊണ്ടുവരുന്ന വസ്തുക്കള്‍ വലിയ വിലയ്ക്കാണ് ഹൈറേഞ്ചിലെ കുളം പണിക്കാര്‍ക്കും അനധികൃത പാറമട നടത്തിപ്പുകാര്‍ക്കും വിറ്റഴിച്ചിരുന്നത്. സ്ഫോടക വസ്തുക്കളുടെ ഉറവിടത്തെക്കുറിച്ചും വാങ്ങിയിരുന്നവരെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറയുന്നു.