ആറളം ഫാമിൽ കാട്ടാന അക്രമം: ബസ് കാത്തിരിപ്പ് കേന്ദ്രവും വീടും ആക്രമിച്ചു നശിപ്പിച്ചു
വനം ജീവനക്കാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ ബ്ലോക്ക് 10 ൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിനും വീടിനും നേരേ കാട്ടാനയുടെ ആക്രമണം. ആറളം വന്യജീവി സങ്കേതത്തിലേക്ക് ഓടിച്ചുവിട്ട ആനകൾ തിരികെ പുനരധിവാസ മേഖലയിൽ പ്രവേശിക്കാതിരിക്കാൻ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ നിരീക്ഷണം നടത്തിയിരുന്ന വനം ജീവനക്കാരൻ ആനയുടെ ആക്രമണത്തിൽ നിന്നു അത്ഭുതകരമായാണ് രക്ഷപ്പെട്ടു. വളയംചാൽ - താളിപ്പാറ റോഡിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു നേരേ വെള്ളിയാഴ്‌ച രാത്രി 12.30 നാണ് മോഴയാന യുടെ ആക്രമണം ഉണ്ടായത്.
വെള്ളിയാഴ്ച്‌ച രാത്രി ഈ മേഖലയിൽ നൈറ്റ് പട്രോളിങ് ചുമതലയിൽ ഉണ്ടായിരുന്ന തളിപ്പറമ്പ് റേഞ്ചിലെ 5 അംഗ സംഘം വാഹനം നിർത്തിയിട്ടു നിരീക്ഷണം നടത്തുകയായിരുന്നു. കൂടുതൽ കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കാൻ സംഘത്തിലെ ബീറ്റ് ഫോറസ്‌റ്റ് ഓഫിസർ പി.ആർ. ദിപിൻ 10 മീറ്റർ ദുരം മാറിയുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കയറി വനം മേഖലയിലേക്ക് നോക്കിയിരുന്നു. ഈ സമയം ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഉണ്ടായിരുന്ന ദിപിനെ ലക്ഷ്യമിട്ടു മോഴയാന പാഞ്ഞടുക്കുകയും കാത്തിരിപ്പുകേന്ദ്രം തകർക്കുകയുമായിരുന്നു. മേച്ചിൽ ഷീറ്റ് വലിച്ചിട്ട ശേഷം നിലത്തു 3 - 4 തവണ ആന ചവിട്ടി. പ്ലാസ്‌റ്റിക് ഷീറ്റിനടിയിൽ പെട്ട ദിപിനെ ദേഹത്തു ചവിട്ടു കൊള്ളാതിരുന്നതാണ് രക്ഷയായത്. മോഴയാനയുടെ ആക്രമണം കണ്ട ഉടൻ സമീപം നിർത്തിയിട്ടിരുന്ന വനം വകുപ്പ് വാഹനം സ്‌റ്റാർട്ടാക്കി ഇരപ്പിച്ചു ബഹളം വച്ചും മറ്റും ആനയെ അകറ്റി.
ഇവിടെ നിന്നു ഓടിപ്പോകുന്നതിനിടെ ആണ് പ്ലോട്ട് നമ്പർ 425 ലെ ഓമനയുടെ വീട് തകർത്തത്. ഭർത്താവ് വെള്ളി മരിച്ചതിനെ തുടർന്നു ഓമനയും കുടുംബവും ഇവിടെ താമസം ഇല്ല. ജനൽ ഇടിച്ചു തകർത്ത നിലയിലാണ്. വീടിനുള്ളിൽ ശേഖരിച്ചു വച്ച കശുവണ്ടി ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നു കരുതുന്നു. പിന്നാലെ എത്തിയ വനം വകുപ്പ് സംഘം ഇവിടെ നിന്നു തുരത്തി ആനയെ വന്യജീവി സങ്കേതത്തിലേക്കു തന്നെ ഓടിച്ചു വിട്ടു. കഴിഞ്ഞ മാസം 23 ന് വെള്ളി - ലീല ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിനെ തുടർന്നു പുനരധിവാസ മേഖലയിൽ വനംവകുപ്പ് സംഘം മുഴുവൻസമയവും പരിശോധനയുമായി രംഗത്തുണ്ട്. ഇതിനിടെ തന്നെയാണ് കാട്ടാനക്കുട്ടത്തിന്റെ താണ്ഡവം. 2 ഘട്ടങ്ങളിലായി തുടരുന്ന തുരത്തലിൽ 23 ആനകളെ കാട്ടിലേക്കു ഓടിച്ചു കയറ്റിയിരുന്നു. പുനരധിവാസ മേഖലയിൽ നിലവിൽ കാട്ടാനകൾ അവശേഷിക്കുന്നില്ലെന്നാണു വനം വകുപ്പ് നിഗമനം. ഇതേതുടർന്നു രാത്രി പരിശോധക സംഘങ്ങൾ പഴയ ആന മതിൽ പൊളിഞ്ഞ ഭാഗങ്ങൾ കേന്ദ്രീകരിച്ചു ആനകൾ തിരികെ വരാതിരിക്കാൻ കാവൽ നിൽക്കുകയാണ് ചെയ്യുന്നത്. വെള്ളിയാഴ്‌ച രാത്രി സോളർ വേലി തകർത്താണ് മോഴ പുനരധിവാസ മേഖലയിൽ എത്തി ആക്രമണം നടത്തിയത്. 2 മാസത്തിനിടെ 7 വീടുകൾക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായി.