ആറളത്ത് കാട് വെട്ടിത്തെളിക്കലുമായി ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ്

കണ്ണൂര്‍: ആറളം പുനരധിവാസ മേഖലയില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്താന്‍ ഡിവൈഎഫ്ഐയുടെ 437 യൂത്ത് ബ്രിഗേഡ് സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. വനംവകുപ്പിന്‍റെ ആനകളെ തുരത്തുന്ന ദൗത്യത്തിന്‍റെ മുന്നോടിയായി പുനരധിവാസ മേഖലയിലെ കാടുപിടിച്ച് കിടക്കുന്ന സ്ഥലങ്ങള്‍ വെട്ടി തെളിക്കുന്ന പദ്ധതിക്കാണ് ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് തുടക്കം കുറിച്ചത്.
പുനരധിവാസ മേഖലയിലെ കാടുപിടിച്ച് കിടക്കുന്ന സ്ഥലങ്ങളിലെ ഓടക്കാടുകളാണ് ഇന്നലെ വെട്ടി തെളിയിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ ദമ്പതികള്‍ മരിച്ച ഓടച്ചാല്‍ ഭാഗത്തെ കാടാണ് വെട്ടി തെളിയിച്ചത്. തലശ്ശേരി, പിണറായി, പാനൂര്‍, കൂത്തുപറമ്പ്, മട്ടന്നൂര്‍, ശ്രീകണ്‌ഠാപുരം, ഇരിട്ടി, പേരാവൂര്‍ മേഖലയില്‍ നിന്നും 437 പ്രവര്‍ത്തകര്‍ പങ്കെടുത്തു.
യൂത്ത് ബ്രിഗേഡിന്‍റെ ജില്ലാ സെക്രട്ടറി സരിന്‍ ശശി ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. യൂത്ത് ബ്രിഗേഡ് പ്രസിഡണ്ട് മുഹമ്മദ് അഫ്‌സല്‍, ട്രഷറര്‍ കെ.ജി ദിലീപ്, ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജേഷ്, മെമ്പര്‍ മിനി ദിനേശന്‍, കൊട്ടിയൂര്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി. പ്രസാദ്, ആറളം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രമ്യ രാഘവന്‍, ആര്‍ആര്‍ടി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ഷൈനി കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.