വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; അഫാന്റെ അമ്മയെ മുറിയിലേക്ക് മാറ്റി, അഞ്ച് പേരുടെയും മരണം ഷെമിയെ അറിയിച്ചു


വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; അഫാന്റെ അമ്മയെ മുറിയിലേക്ക് മാറ്റി, അഞ്ച് പേരുടെയും മരണം ഷെമിയെ അറിയിച്ചു



തിരുവനന്തപുരം: ചികിത്സയില്‍ കഴിയുന്ന വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ അമ്മ ഷെമിയെ മുറിയിലേക്ക് മാറ്റി. ഇളയ മകൻ ഉള്‍പ്പടെ അഞ്ച് പേരുടെയും കൊലപാതക വിവരം ഷെമിയെ ഡോക്ടർമാർ അറിയിച്ചു. ഉമ്മയെയും ഇളയ മകൻ അഫ്സാനെയും അഫാൻ ആക്രമിച്ചുവെന്ന് മാത്രമാണ് ഷെമിയോട് നേരത്തെ പറഞ്ഞിരുന്നത്. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം, ഇളയ മകൻ അഫസാൻ ഐസിയുവിലാണെന്ന് മാത്രമാണ് പറഞ്ഞത്. മരിച്ച കാര്യം പറഞ്ഞിരുന്നില്ല. ഇത് കേട്ടത്തോടെ ഷെമിനക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ മരണ വിവരം അറിയിച്ചിരുന്നില്ല. 

അതേസമയം, അഫാനെ പൊലീസ് വീണ്ടും കസ്റ്റഡിൽ വാങ്ങി. വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അഫാനെ കസ്റ്റഡിയിൽ വാങ്ങിയത്. അഫാന്‍റെ അച്ഛന്‍റെ സഹോദരനെയും ഭാര്യയും കൊലപ്പെടുത്തിയ കേസിലാണ് മൂന്ന് ദിവസത്തെ കസ്റ്റഡിൽ വാങ്ങിയത്. വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ഒന്നാണ് ഈ കേസ്. അന്വേഷണ ഉദ്യോഗസ്ഥനായ കിളിമാനൂർ സിഐ ജയകുമാറാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്. പ്രതിയെ നാളെ കൊലപാതകം നടന്ന വീട്ടിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. പണം ചോദിച്ചിട്ട് നൽകാത്തതിലെ വൈരാഗ്യത്തിലാണ് അഫാൻ അച്ഛന്‍റെ സഹോദരനെയും ഭാര്യയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. 

അർബുദം ബാധിച്ച അമ്മയെ കഴുത്ത് ഞെരിച്ച ശേഷം പ്രതി അഫാൻ തുടർച്ചയായ അഞ്ച് കൊലപാതങ്ങളാണ് നടത്തിയത്. കടബാധ്യതയെ തുടർന്ന് ബന്ധുക്കളിൽ നിന്നുമുണ്ടായ അവഹേളനമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അഫാന്‍റെ മൊഴി. വൻ സാമ്പത്തിക ബാധ്യതയാണ് കൊലക്ക് പിന്നിലെന്നാണ് അഫാൻ പറയുന്നത്. എന്നാൽ അത്രയധികം സാമ്പത്തിക ബാധ്യതയില്ലെന്നാണ് അഫാന്‍റെ അച്ഛൻ റഹിം നൽകിയ മൊഴി. അഫാന് ഇനി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്നാണ് ഇനി വ്യക്തമാകേണ്ടത്. വിശദമായ അന്വേഷണത്തിൽ മാത്രമായിരിക്കും ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുക. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം.