കൊട്ടിയൂർ - വയനാട് ചുരം രഹിത പാതക്ക് വീണ്ടും മുറവിളി
@noorul ameen
കേളകം : ചുരംപാതകളിൽ യാത്രാക്ലേശമനുഭവിക്കുന്ന വയനാടിനായി കൊട്ടിയൂർ-അമ്പായത്തോട്-വയനാട് ബദൽറോഡ് യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. അമ്പായത്തോടിൽനിന്നു തുടങ്ങി വനത്തിലൂടെ തലപ്പുഴ 44-ാം മൈലിലേക്കെത്തുന്ന റോഡാണിത്. വയനാട്ടിൽനിന്നു മട്ടന്നൂരിലുള്ള രാജ്യാന്തര വിമാനത്താവളത്തിലേക്ക് എളുപ്പത്തിലെത്തുന്നതിന് ചുരമില്ലാ റോഡ് ഏറെ സഹായകമാവും.
ഏതുസമയത്തും അപകടമുണ്ടാവാൻ സാധ്യതയുള്ള പാൽച്ചുരം റോഡാണ് ഇപ്പോൾ കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകാൻ വയനാട്ടിലുള്ളവർ കൂടുതലായും ആശ്രയിക്കുന്നത്. മാനന്തവാടിയിൽനിന്നു തവിഞ്ഞാൽ 42-ാം മൈൽവരെയും അമ്പായത്തോടുനിന്നു മട്ടന്നൂരിലേക്കും ഗതാഗതയോഗ്യമായ പാതയാണുള്ളത്. ഇതിനിടയിൽ തീർത്തും ദുർഘടമായ അഞ്ചു ഹെയർപിൻ വളവുകളുള്ള പാതയാണുള്ളത്.
ഒരുഭാഗം വലിയമലയും മറുഭാഗം നോക്കെത്താദൂരത്തുള്ള കൊക്കയുമുള്ള റോഡിൽ ഒട്ടേറെത്തവണ വാഹനങ്ങൾ മറിഞ്ഞും മറ്റും അപകടമുണ്ടായി. മതിയായ സുരക്ഷാവേലികൾപോലും റോഡിൽ പലയിടത്തുമില്ല. കണ്ണൂരിൽനിന്നു ചെങ്കല്ല് ഉൾപ്പെടെ കയറ്റി ഭാരവാഹനങ്ങളെത്തുന്നത് ഈ റോഡുവഴിയാണ്. പാൽച്ചുരത്തിലൂടെയുള്ള യാത്രാക്ലേശത്തിനു പരിഹാരമാവുന്നതാണ് കൊട്ടിയൂർ-അമ്പായത്തോട്-തലപ്പുഴ 44-ാം മൈൽ ചുരമില്ലാ റോഡ്.
നിർദിഷ്ട മട്ടന്നൂർ-മാനന്തവാടി വിമാനത്താവളം നാലുവരിപ്പാതയുടെ സ്ഥലമെടുപ്പ് നടപടികൾ നടക്കുകയാണ്. മറ്റിടങ്ങളിൽ നാലുവരി നിർമിക്കുമ്പോൾ അമ്പായത്തോടിൽനിന്നു പാൽച്ചുരംവഴി മാനന്തവാടിയിലേക്ക് രണ്ടുവരിപ്പാത നിർമിക്കാനാണ് ഇപ്പോൾ തീരുമാനം.
മട്ടന്നൂരിൽനിന്ന് അമ്പായത്തോടുവരെയുള്ള 40 കിലോമീറ്റർ ദൂരത്തിൽ 24 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ നടന്നുവരുകയാണ്. ഇതിനുമുന്നോടിയായി സാമൂഹികാഘാത പഠനം കഴിഞ്ഞ് റിപ്പോർട്ട് കണ്ണൂർ കളക്ടർക്ക് കൈമാറിയിട്ടുണ്ട്.
അമ്പായത്തോടിൽനിന്നു മാനന്തവാടിവരെ രണ്ടുവരിപ്പാതയെന്ന തീരുമാനം ഒഴിവാക്കി അമ്പായത്തോടിൽനിന്നു തലപ്പുഴ 44-ാം മൈലിലെത്തുന്ന ചുരമില്ലാ പാത വികസിപ്പിച്ച് നാലുവരിപ്പാത വയനാട്ടിലേക്കും നീട്ടണമെന്ന ആവശ്യമാണുയരുന്നത്.
റോഡ് വികസനസമിതി നിവേദനം നൽകി
കൊട്ടിയൂർ-അമ്പായത്തോട്-തലപ്പുഴ 44-ാം മൈൽ ചുരമില്ലാ ബദൽപ്പാത യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് റോഡ് വികസനസമിതി തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയിക്ക് നിവേദനം നൽകി.
തലപ്പുഴ ഗ്രാമപ്പഞ്ചായത്ത് മുൻകൈയെടുത്ത് മാനന്തവാടി ഇരിട്ടി, മട്ടന്നൂർ നഗരസഭാ അധ്യക്ഷന്മാരെയും കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം, പേരാവൂർ, മാലൂർ പഞ്ചായത്ത് പ്രസിഡന്റുമാരെയും ചേർത്ത് സംയുക്തകർമസമിതി രൂപവത്കരിച്ച് റോഡിനായി പ്രവർത്തിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ചുരമില്ലാ ബദൽപ്പാതയ്ക്കായി മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, പ്രിയങ്കാഗാന്ധി എം.പി. എന്നിവർക്ക് നിവേദനം നൽകുമെന്ന് റോഡ് വികസസമിതി ഭാരവാഹികൾ പറഞ്ഞു.
കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് ജോർജ് കുട്ടി മുക്കാടൻ, മട്ടന്നൂർ-മാനന്തവാടി വിമാനത്താവള റോഡ് കർമസമിതി കൺവീനർ ബോബി സിറിയക്, സമതിയംഗങ്ങളായ പി.സി. സിറിയക്, ജോണി ജോൺ വടക്കയിൽ എന്നിവരടങ്ങുന്ന സംഘമാണ് തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലെത്തിയ അധികൃതരുമായി സംസാരിച്ചത്.