
കോഴിക്കോട്: താമരശ്ശേരിയില്‍ കൊല്ലപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ മര്‍ദ്ദിച്ചത് അഞ്ചുപേര്‍. ഒരാളുടെ രക്ഷിതാവിന് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഷഹബാസ് മരണത്തിന് കീഴടങ്ങിയത് രാത്രി 12.30 ഓടെയായിരുന്നു. കരാട്ടെ പരിശീലകര്‍ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം.
നെഞ്ചക്കിന് തലയ്ക്ക് അടിയേറ്റ സംഘര്‍ഷത്തിന് ശേഷം വിദ്യാര്‍ത്ഥി മാളിലേക്ക് ഓടിക്കയറുകയായിരുന്നു. അവിടെ നിന്നും ഒരാളുടെ ബൈക്കില്‍ കയറി പോയപ്പോള്‍ തന്നെ ഛര്‍ദ്ദിച്ചിരുന്നു. സ്വന്തം വീട്ടിലേക്ക് പോകാതെ സുഹൃത്തിന്റെ വീട്ടില്‍പോയി കിടന്ന ശേഷമാണ് ഷഹബാസ് സ്വന്തം വീട്ടിലേക്ക് പോയത്. വാട്സ്ആപ്പ് ഗ്രൂപ്പുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.
ഗ്രൂപ്പില്‍ പ്രായപൂര്‍ത്തിയായ ആളുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളും തമ്മിലുള്ള ഏറ്റുമുട്ടലിലായിരുന്നു ഷഹബാസിന് പരിക്കേറ്റത്. സംഭവത്തില്‍ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജിവിഎച്ച്എസ്എസിലെ അഞ്ച് പത്താംക്ലാസ് വിദ്യാര്‍ഥികളെ താമരശ്ശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ ഇന്ന് രാവിലെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും.