കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉളിയക്കോവിലിലാണ് സംഭവം. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി ഉളിയക്കോവിൽ സ്വദേശി ഫെബിൻ (24) ആണ് മരിച്ചത്. പ്രതി തേജസ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയിരുന്നു. തേജസുമായുള്ള ബന്ധത്തില്‍ നിന്ന് ഫെബിന്‍റെ സഹോദരി പിന്‍മാറിയതാണ് ക്രൂര കൊലപാതകത്തിന് കാരണമെന്ന് പൊലീസ്.
പ്രതി തേജസ് രാജ് ലക്ഷ്യമിട്ടത് പെൺ സുഹൃത്തിനെ ആയിരുന്നു. പെൺകുട്ടിയെ തിരക്കിയാണ് തേജസ് വീട്ടിലെത്തിയത്. എന്നാൽ പെൺകുട്ടി വീട്ടിൽ ഉണ്ടായിരുന്നില്ല. പെൺകുട്ടിയെ കൊലപ്പെടുത്തി പെട്രോൾ ഒഴിച്ച് ജീവനെടുക്കാൻ ആയിരുന്നു തേജസിന്റെ നീക്കം. പെൺകുട്ടി സ്ഥലത്തില്ലെന്ന് അറിഞ്ഞതോടെ കയ്യിൽ കരുതിയിരുന്ന പെട്രോൾ പ്രതി വീട്ടിൽ ഒഴിച്ചു. ഈ സമയം കൊല്ലപ്പെട്ട ഫെബിനും പിതാവും പേരയ്ക്ക കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. പേരയ്ക്ക മുറിക്കാൻ ഉപയോഗിച്ച കത്തികൊണ്ട് ഇരുവരെയും കുത്തുകയായിരുന്നു.
കാറിലെത്തിയ ആളാണ് ആക്രമിച്ചതെന്നും ഇയാൾ പർദയാണ് ധരിച്ചിരുന്നത് എന്നുമാണ് ഫെറിൻ്റെ പിതാവ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് പ്രതി തേജസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കടപ്പാക്കടയിലെ റെയിൽവേ ട്രാക്കിൽ നിന്നാണ് തേജസിൻ്റെ മൃതദേഹം കണ്ടെത്തിയത്.
കൊല്ലപ്പെട്ട ഫെബിൻ ജോർജിൻ്റെ സഹോദരിയും പ്രതി തേജസ് രാജും മുമ്പ് പ്രണയത്തിലായിരുന്നു. വിവാഹത്തിന് രണ്ട് കുടുംബങ്ങളും സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് യുവതി തേജസുമായുള്ള ബന്ധത്തിൽ നിന്ന് പിൻമാറി. ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ തേജസ് ശല്യപ്പെടുത്തിയത് വീട്ടുകാർ വിലക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യം യുവതിയുടെ സഹോദരനെ കൊലപ്പെടുത്തുന്നതിൽ കലാശിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു.