ഷഹബാസ് കൊലക്കേസ്: സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് ഏത്, ആരെല്ലാം; മൊബൈലുകളും പരിശോധിച്ചു


ഷഹബാസ് കൊലക്കേസ്: സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് ഏത്, ആരെല്ലാം; മൊബൈലുകളും പരിശോധിച്ചു


മലപ്പുറം : പത്താംക്ളാസ് വിദ്യാര്‍ത്ഥി ഷഹബാസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മെറ്റ കമ്പനിയില്‍ നിന്ന് വിവരങ്ങള്‍ തേടി അന്വേഷണ സംഘം. സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിനെക്കുറിച്ചുളള വിവരങ്ങള്‍ അറിയാനായാണ് നീക്കം. താമരശ്ശേരിയിലെ ഷഹബാസിന്‍റെ വീട്ടിലെത്തിയ അന്വേഷണ സംഘം മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ പരിശോധിച്ചു.  


ട്യൂഷന്‍ സെന്‍ററില്‍ വച്ചുണ്ടായ തര്‍ക്കത്തിന് പകരം ചോദിക്കാനായുളള ആസൂത്രണം പത്താം ക്ശാസ് വിദ്യാര്‍ത്ഥികള്‍ നടത്തിയത് സമൂഹ മാധ്യമ ഗ്രൂപ്പുകള്‍ വഴിയാണെന്ന കാര്യം നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ ഗ്രൂപ്പ് സൃഷ്ടിച്ചവര്‍ നേതൃത്വം നല്‍കിയവര്‍ നടന്ന ചര്‍ച്ചകള്‍ ആസൂത്രണ രീതി തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തുക കേസ് അന്വേഷണത്തില്‍ പ്രധാനമാണ്. ഇതിന്‍റെ ഭാഗമായാണ് മെറ്റ കമ്പനിയിൽ നിന്ന് വിവരങ്ങള്‍ തേടാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകള്‍ വ്യാജമാണോയെന്നും അറിയിക്കണമെന്നാവശ്യപ്പെട്ട് പോലീസ് മെറ്റക്ക് ഇമെയില്‍ അയച്ചു. സൈബര്‍ പൊലീസ് ഉള്‍പ്പെടുന്ന അന്വേഷണ സംഘം താമരശ്ശേരിയിലെ ഷഹബാസിന്‍റെ വീട്ടിലെത്തി പരിശോധനയും നടത്തി. ഷഹബാസിന്‍റെ ഫോണുള്‍പ്പെടെ സംഘം പരിശോധിച്ചു.

അതേസമയം വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമില്‍ റിമാന്‍റില്‍ കഴിയുന്ന കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളും പൊലീസ് സുരക്ഷയില്‍ ഇന്നും എസ്എസ്എല്‍സി പരീക്ഷ എഴുതി. ജുവൈനല്‍ ഹോമിലേക്ക് ഇന്നും വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് നടന്നു. കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ഗേറ്റില്‍ പൊലീസ് തടഞ്ഞു. മുഴുവന്‍ പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തുനീക്കി. എം എസ് എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സംഘര്‍ഷാവസ്ഥയായി. പിന്നീട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസ് അന്വേഷണത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ഷഹബാസിന്‍രെ വീട് സന്ദര്‍ശിച്ച പാണക്കാട് സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു.