
മണ്ണഞ്ചേരി: ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താതെ സംസ്‌കരിക്കാനുള്ള നീക്കം പോലീസ് തടഞ്ഞു. ചിതയില്‍ വച്ച മൃതദേഹം പോലീസ് പിടിച്ചെടുത്തു മോര്‍ച്ചറിയിലേക്കു മാറ്റി. മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാര്‍ഡ് പൊന്നാട് അറയ്ക്കാത്തറയില്‍ അര്‍ജുനാ(20)ണു മരിച്ചത്.
ഇന്നലെ രാവിലെയാണു വീടിനു സമീപമുള്ള ബന്ധുവീട്ടില്‍ അര്‍ജുനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഹൃദയാഘാതം മൂലം മരിച്ചെന്നാണു ബന്ധുക്കള്‍ നാട്ടുകാരോട് പറഞ്ഞത്. ഉച്ചയ്ക്ക് 12ന് സംസ്‌കാരം നിശ്ചയിക്കുകയും ചെയ്തു. അര്‍ജുന്റെ വീടിന് സമീപം ചിതയൊരുക്കി.
മരണവിവരം അറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും എത്തുകയും ചെയ്തു. സംസ്‌കാര നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ചിതയിലേക്ക് എടുത്തയുടന്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് നാട്ടുകാര്‍ പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു.
ആശുപ്രതിയില്‍ കൊണ്ടുപോകുകയോ ഡോക്ടറെ കാണിച്ചു മരണം സ്ഥിരീകരിക്കുകയോ ചെയ്തില്ലെന്നായിരുന്നു നാട്ടുകാരുടെ പരാതി. പോലീസെത്തി പ്രാഥമിക അന്വേഷണം നടത്തുകയും ചിതയില്‍ നിന്ന് മൃതദേഹം എടുത്ത് ആംബുലന്‍സില്‍ കയറ്റി സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വൈകിട്ടോടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. തൂങ്ങി മരണമാണെന്നാണ് നിഗമനമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ചാലേ വ്യക്തത വരുത്താനാകൂവെന്നും മണ്ണഞ്ചേരി എസ്.എച്ച്.ഒ ടോള്‍സണ്‍ പി. ജോസഫ് പറഞ്ഞു. അനില്‍കുമാര്‍-വിജിമോള്‍ ദമ്പതികളുടെ മകനാണ് അര്‍ജുന്‍.