വിചിത്രമായൊരു മോഷണം, 'ഈട്ന്ന് എടുക്കുക അപ്പുറം കൊണ്ടുവയ്ക്കുക'; വട്ടംചുറ്റി കണ്ണാടിപ്പറമ്പുകാർ


വിചിത്രമായൊരു മോഷണം, 'ഈട്ന്ന് എടുക്കുക അപ്പുറം കൊണ്ടുവയ്ക്കുക'; വട്ടംചുറ്റി കണ്ണാടിപ്പറമ്പുകാർ


കണ്ണൂർ: കണ്ണാടിപ്പറമ്പിൽ ഉടമസ്ഥരെ വട്ടം ചുറ്റിച്ചൊരു സൈക്കിൾ മോഷണം. ഒരാളുടെ സൈക്കിൾ മോഷ്ടിച്ച് മറ്റൊരാളുടെ വീട്ടിൽ കൊണ്ടുവെയ്ക്കുന്ന വിചിത്ര രീതിയാണ് മോഷ്ടാവിന്‍റേത്. കണ്ണാടിപ്പറമ്പിലും സമീപ പ്രദേശത്തുമായി നാലു പേരുടെ സൈക്കിളാണിങ്ങനെ വീടുമാറിയെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

കണ്ണാടിപ്പറമ്പിൽ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ആളെ കറക്കും സൈക്കിൾ മോഷണം തുടങ്ങിയത്. വിദ്യാർത്ഥിനിയായ റിഫയുടെ അനുഭവമിങ്ങനെ- "ഉച്ചയ്ക്ക് ഞാൻ മാമന്‍റെ വീട്ടിൽ പോയിരുന്നു. ഉമ്മയേ ഉണ്ടായിരുന്നുള്ളൂ വീട്ടിൽ. തിരിച്ചുവന്നപ്പോൾ ഇവിടെ വേറെ സൈക്കിളിരിക്കുന്നു. എന്‍റെ സൈക്കിൾ കാണാനുമില്ല".

ആരെങ്കിലും എന്തെങ്കിലും ആവശ്യത്തിന് കൊണ്ടുപോയതാകുമെന്നും തിരിച്ച് കൊണ്ടുവരുമെന്നും കരുതിയെന്ന് റിഫയുടെ ഉമ്മ മാഹിറ പറഞ്ഞു. രാത്രി ആയിട്ടും സൈക്കിൾ തിരിച്ചെത്താതിരുന്നതോടെ വാർഡിന്‍റെ വാട്സ്ആപ്പ് ഗ്രൂപ്പിലിട്ടെന്നും മാഹിറ പറഞ്ഞു.

മാഹിറയുടെ വീട്ടിൽ പകരം വെച്ചത് അര കിലോമീറ്റർ അപ്പുറത്തെ ശ്രീധരൻ മേസ്തിരിയുടെ സൈക്കിൾ. മാഹിറയുടെ കാണാതെ പോയ സൈക്കിൾ കണ്ട് കിട്ടിയത് കണ്ണാടിപ്പറമ്പിലെ ലതീഷിന്‍റെ വീട്ടിൽ നിന്ന്. മോഷണത്തിൽ പന്തികേട് തോന്നിയതോടെ അന്വേഷണം തകൃതിയാക്കി.

ലതീഷിന്‍റെ വീട്ടിൽ മോഷണം നടന്നത് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനും നാലിനുമിടയിലാണ്. മോഷണം വാട്സ്അപ്പ് ഗ്രൂപ്പിൽ ചർച്ചയായതോടെ സൈക്കിൾ കണ്ടെത്തി. ഇവിടുത്തെ സൈക്കിളെത്തിയത് ആറ് കിലോമീറ്ററപ്പുറം പള്ളിപ്പറമ്പിലെ മുനീറിന്‍റെ വീട്ടിൽ. മുനീറിന്‍റെ സൈക്കിൾ കണ്ടെത്തിയത് വീട്ടിൽ നിന്നു മാറി വഴിയരികിൽ. 

ചുരുക്കി പറഞ്ഞാൽ ശ്രീധരന്‍റെ സൈക്കിൾ മാഹിറയുടെ വീട്ടിലും മാഹിറയുടെ സൈക്കിൾ ലതീഷിന്‍റെ വീട്ടിലും ലതീഷിന്‍റെ സൈക്കിൾ മുനീറിന്‍റെ വീട്ടിലുമെത്തി. നഷ്ടപ്പെട്ട സൈക്കിളുകളെല്ലാം തിരികെ കിട്ടി. ആരാണിതിന് പിന്നിലെന്ന് കണ്ടെത്തിയില്ലെങ്കിൽ നാളെ ആരും കള്ളനാകും എന്ന അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. മോഷണത്തിലെ വിചിത്ര രീതി ചർച്ചയായതോടെ കള്ളനെ കണ്ടെത്താൻ പൊലീസിൽ പരാതി നൽകി കാത്തിരിക്കുകയാണ് ഉടമസ്ഥർ.