ഇരിട്ടി എം ജി കോളേജിലെ റിട്ട. പ്രൊഫസറുടെ കൃഷിയിടം കണ്ട് ആവേശം പൂണ്ട് ജൈവ കർഷക സമിതി

ഇരിട്ടി എം ജി കോളേജിലെ റിട്ട. പ്രൊഫസറുടെ കൃഷിയിടം കണ്ട് ആവേശം പൂണ്ട്  ജൈവ കർഷക സമിതി 









ഇരിട്ടി: ഇരിട്ടി എം ജി കോളേജിലെ ഫിസിക്സ് വിഭാഗം മേധാവിയായി വിരമിച്ച ജൈവ കർഷകൻ കൂടിയായ  ഡോ. ദേവദാസിന്റെ കീഴൂരിലെ  കൃഷിയിടം കാണാൻ ജൈവ കർഷക കൂട്ടായ്മയെത്തി.  തളിപ്പറമ്പ് താലൂക്കിലെ  കേരള ജൈവ കർഷക സമിതിയിലെ ജൈവകർഷകരാണ് എത്തിയത്. തന്റെ 50 സെന്റ്  കൃഷിയിടത്തിൽ എന്തെല്ലാം കൃഷിയിറക്കാമോ ഇതെല്ലാം കൃഷിയിറക്കി ജൈവ രീതിയിൽ നൂറുമേനി വിളയിക്കുന്ന ഇദ്ദേഹത്തിന്റെ  കൃഷിയിടം കണ്ട്   ജൈവകർഷക കൂട്ടായ്മ്മയിലെ കർഷകർ  ആവേശം കൊണ്ടു. 
ഭൂ ലഭ്യതക്കനുസരിച്ച് എങ്ങിനെ ഒരു കൃഷിയിടം ഒരുക്കാമെന്നും ഇത്തരം കൃഷിരീതിയിലൂടെ നമ്മുടെ കാർഷിക മേഖലയെ എങ്ങിനെ സംരക്ഷിക്കാം കഴിയുമെന്ന പഠനം കൂടിയായിരുന്നു  ഇവരുടെ സന്ദർശന ലക്‌ഷ്യം. ശാസ്ത്രീയമായി പ്രൊഫ. ദേവദാസൻ തന്റെ  50 സെന്റ് സ്ഥലത്ത്  150തോളം കമുങ്ങ്, 40തോളം തെങ്ങ്, 200 ഓളം പ്ലാവ്, നൂറോളം പഴവർഗചെടികൾ, ഇഞ്ചി, കപ്പ, മഞ്ഞൾ, ചേന, ചേമ്പ് എന്നിവയെല്ലാം വളരെ വിദഗ്ധമായാണ് കൃഷിചെയ്തിരിക്കുന്നത് .യാതൊരു രാസവളവും നൽകാതെ   പ്രൊഫസറുടെ ചെറിയ കൃഷിയിടത്തിൽ ഇവയെല്ലാം  തഴച്ചു വളരുന്നു. ശാസ്ത്രീയ വളപ്രയോഗവും പരിചരണവും മൂലം വലിയ വരുമാനവും ചെറിയ കൃഷിയിടത്തിൽ നിന്നും ഇദ്ദേഹത്തിന് ലഭിക്കുന്നു.  കോളേജ് അധ്യാപന കാലത്ത് ഒഴിവ് സമയങ്ങളിലും വിരമിക്കലിന് ശേഷം പൂർണ്ണമായും  വിശ്രമ ജീവിതം ഫല വ്യക്ഷതൈകൾക്കും നാണ്യവിളകൾക്കുമൊപ്പം  സമർപ്പിച്ചിരിക്കുന്ന  ദേവദാസൻ മാസ്റ്റർ അറിയപ്പെടുന്ന ചെസ്സ് കളിക്കാരൻകൂടിയാണ്. 
  തളിപ്പറമ്പ് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ജൈവ കൃഷിയിലൂടെ ജീവിതം നയിക്കുന്ന  വിട്ടമ്മന്മാരും റിട്ട .ജിവനക്കാരും ക്ഷീര കർഷകരുമെല്ലാം ഉൾപ്പെടുന്നതാണ് ജൈവ കർഷക സമിതി. ജൈവ രീതിയിൽ കൃഷിയിൽ വിജയഗാഥ തീർക്കുന്നവരുടെ അനുഭവങ്ങളും നേരിൽ കണ്ടും കേട്ടും പഠിക്കുന്നതിന്റെ ഭാഗമായാണ് ജൈവ കർഷക സമിതി പഠന യാത്ര നടത്തുന്നത്. ഈ  വർഷത്തെ മൂന്നാമത്തെ യാത്രയാണിതെന്ന് സമിതി ഭാരവാഹികളായ വിശാലാക്ഷനും സുകുമാരനും പറഞ്ഞു. 42 പേർ ഉൾപ്പെട്ട പഠന സംഘത്തിന് പഴുത്ത ചക്കയും നാടൻ വാഴപഴവും നൽകിയാണ് പ്രൊഫസർ യാത്രയാക്കിയത്.