ഹൈബ്രിഡ് കഞ്ചാവുമായി 'ആവേശം'സിനിമയുടെ മേക്കപ്പ്മാന്‍ ആര്‍.ജി. വയനാട് അറസ്റ്റില്‍ ; കിലോയ്ക്ക് ഒരു കോടി, വരവ് വിദേശത്ത് നിന്നും


ഹൈബ്രിഡ് കഞ്ചാവുമായി 'ആവേശം'സിനിമയുടെ മേക്കപ്പ്മാന്‍ ആര്‍.ജി. വയനാട് അറസ്റ്റില്‍ ; കിലോയ്ക്ക് ഒരു കോടി, വരവ് വിദേശത്ത് നിന്നും


മൂലമറ്റം/കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി സിനിമ മേക്കപ്പ്മാന്‍ ആര്‍.ജി. വയനാടന്‍ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെയാണ് മൂലമറ്റം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. അഭിലാഷും സംഘവും പിടികൂടിയത്. കിലോയ്ക്ക് ഒരു കോടിയിലധികം വിലയുള്ള 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് രഞ്ജിത്ത് പിടിയിലായത്. കാഞ്ഞാര്‍ പുള്ളിക്കാനം റോഡില്‍ ഇല്ലിച്ചവടിന് സമീപം വച്ചാണ് അറസ്റ്റ് ചെയ്തത്. വാഗമണ്ണില്‍ കുറച്ചുദിവസമായി അട്ടഹാസം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ട്.

സിനിമ സെറ്റ് കേന്ദ്രീകരിച്ചു ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു എക്‌സൈസ് പരിശോധന. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്താണ് ഹൈബ്രിഡ് കഞ്ചാവ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. മേക്കപ്പ്മാനു കൈമാറിയവരെ കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ഇയാള്‍ വന്ന കാറില്‍ ഡ്രൈവറും ഇയാളും മാത്രമാണ് ഉണ്ടായിരുന്നത്.

കൊച്ചിയിലെ വാടകവീട്ടില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ ആര്‍.ജി. വയനാടന്‍ വീട്ടിലും ലഹരിയുപയോഗിച്ചിരുന്നുവെന്നു സൂചന. വീട്ടിലെ മേശപ്പുറത്ത് ചാരത്തിനൊപ്പം കഞ്ചാവ് വിത്തുകളും തണ്ടും കണ്ടെത്തി. അലമാരയിലും കഞ്ചാവിന്റെ വിത്തുകളുണ്ടായിരുന്നു. വീടിനു പുറമേ പനമ്പിള്ളി നഗറിലെ മേക്കപ്പ് സ്റ്റുഡിയോയിലും എക്‌സൈസ് സി.ഐ. പി. ശ്രീരാജിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. രണ്ടുദിവസം മുമ്പ് ഇയാള്‍ വീട്ടിലെത്തിയിരുന്നതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.

സംഭവത്തെത്തുടര്‍ന്ന രഞ്ജിത്ത് ഗോപിനാഥനെ ഫെഫ്ക പുറത്താക്കി. ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം തുടങ്ങിയ സിനിമകളുടെ മേക്കപ്പ്മാനാണു രഞ്ജിത്ത്. എക്‌സൈസ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജിത്ത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ രാജേഷ് വി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഷറഫ് അലി, ചാള്‍സ് എഡ്വിന്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.