ചർച്ച പോസിറ്റീവ്‘, ആശാ വർക്കർമാരുടെ അടക്കം 4 വിഷയങ്ങൾ കേന്ദ്രത്തെ അറിയിച്ചെന്ന് മന്ത്രി വീണ ജോർജ്

ചർച്ച പോസിറ്റീവ്‘, ആശാ വർക്കർമാരുടെ അടക്കം 4 വിഷയങ്ങൾ കേന്ദ്രത്തെ അറിയിച്ചെന്ന് മന്ത്രി വീണ ജോർജ്


ദില്ലി: ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് കേന്ദ്ര ആരോഗ്യമന്ത്രിയില്‍ നിന്ന് കിട്ടിയതായി മന്ത്രി വീണ ജോര്‍ജ്. ഇന്‍സെന്‍റീവ് വര്‍ധനയും, കോബ്രാന്‍ഡിംഗിലെ കുടിശ്ശിക നല്‍കുന്നതും പരിശോധിക്കുമെന്ന് ജെ പി നദ്ദ പറഞ്ഞതായി കൂടിക്കാഴ്ചയ്ക്ക് ശേഷം വീണ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രം തുക വര്‍ധിപ്പിക്കാതെ സംസ്ഥാനത്തിന് ഒന്നും ചെയ്യാനാവില്ലെന്നും വീണ ജോര്‍ജ് വ്യക്തമാക്കി. പാര്‍ലമെന്‍റില്‍ അര മണിക്കൂറോളം നേരം വീണ ജോര്‍ജ് ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വീണ ജോർജ്. 

ചർച്ച പോസീറ്റീവായിരുന്നുവെന്ന് ആരോഗ്യമന്ത്രിയുടെ വാക്കിനപ്പുറം കേരളത്തിൽ സമരം ചെയ്യുന്ന ആശാവർക്കമാർക്ക് ആശ നൽകുന്ന ഒന്നും കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിൽ ഇന്നുണ്ടായില്ല. ആശമാർക്കുള്ള ഇൻസെൻ്റീവ് ഉയർത്തുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലാണ്. ഈക്കാര്യം പരിശോധിക്കാമെന്ന് ജെ പി നദ്ദ അറിയിച്ചതായി വീണാ ജോർജ് പറഞ്ഞു. കേന്ദ്രം ഇൻസന്റീവ് കൂട്ടുമ്പോൾ അനുപാതകമായി സംസ്ഥാനവും കൂട്ടും എന്നാൽ സംസ്ഥാനം ഓണറേറിയം വർധിപ്പിക്കുമോ എന്നതിൽ വ്യക്തമായ മറുപടി ആരോഗ്യമന്ത്രി നൽകിയില്ല.

സന്നദ്ധ സേവകർ എന്നത് മാറ്റി തൊഴിലാളികളായി ആശമാരെ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കേന്ദ്രവുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ ആശവർക്കർമാരെ അറിയിക്കുന്നത് പരിശോധിക്കും. ഇതിനായി രണ്ട് ദിവസത്തിനുള്ളിൽ ചർച്ച നടത്തുമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. എന്നാൽ ഇൻസെൻ്റീവ് എത്ര വർധിപ്പിക്കുമെന്നോ ഈക്കാര്യത്തിൽ തീരുമാനം എപ്പോൾ കേന്ദ്രത്തിൽ നിന്നുണ്ടാകുമെന്നോ മന്ത്രി വ്യക്തമാക്കിയിട്ടില്ല. കോബ്രാൈന്‍ഡിംഗ് കുടിശികയായ  637 കോടി രൂപയുടെ കാര്യംപരിശോധിക്കാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി ഉൾപ്പെട്ടവർക്ക് ജെ പി നദ്ദ നിർദ്ദേശം നൽകിയെന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി. എയിംസ് കേരളത്തിന് നല്‍കുമെന്ന ഉറപ്പ് കേന്ദ്രമന്ത്രി നൽകിയെന്നും മന്ത്രി പറഞ്ഞു.