കർണാടക ജാതി സെൻസസിൻ്റെ പ്രസക്ത ഭാഗങ്ങൾ പുറത്ത്; 70 ശതമാനം ജനങ്ങളും ഒബിസി വിഭാഗം; സംവരണം ഉയർത്താൻ ശുപാർശ


കർണാടക ജാതി സെൻസസിൻ്റെ പ്രസക്ത ഭാഗങ്ങൾ പുറത്ത്; 70 ശതമാനം ജനങ്ങളും ഒബിസി വിഭാഗം; സംവരണം ഉയർത്താൻ ശുപാർശ


ബെംഗളൂരു: കർണാടകയിലെ ജാതി സെൻസസിന്‍റെ പ്രസക്ത ഭാഗങ്ങൾ പുറത്ത്. കർണാടകയുടെ ജനസംഖ്യയിൽ 70% ഒബിസി വിഭാഗമെന്ന് സർവേ റിപ്പോർട്ട് പറയുന്നു. ദളിത്, ആദിവാസി, ഒബിസി വിഭാഗങ്ങൾ ചേർന്നാൽ സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 94% എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതോടെ നിലവിലെ 32 ശതമാനം ഒബിസി സംവരണം 51% ആയി ഉയർത്താൻ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്. പിന്നാക്ക വിഭാഗം കമ്മീഷൻ ചെയർമാനായിരുന്ന ജസ്റ്റിസ് ജെ കാന്തരാജിന്‍റെ നേതൃത്വത്തിലാണ് റിപ്പോർട്ട് പൂർത്തിയാക്കിയത്. കർണാടകയുടെ രാഷ്ട്രീയ, സമുദായ സമവാക്യങ്ങളിൽ തന്നെ പ്രകടമായ മാറ്റങ്ങൾ വരുന്ന റിപ്പോർട്ടാണിത്. റിപ്പോർട്ട് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ വെച്ചിരുന്നു. ഏപ്രിൽ 17-ന് ഈ റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യാൻ മാത്രമായി മന്ത്രിസഭ യോഗം ചേരും. ഈ റിപ്പോർട്ടിനെതിരെ ലിംഗായത്ത്, വൊക്കലിംഗ അടക്കമുള്ള സമുദായങ്ങൾ ശക്തമായ എതിർപ്പുന്നയിക്കാൻ സാധ്യതയുണ്ട്.