
തിരുവനന്തപുരം: ലഹരി കേസിലും പുലിപ്പല്ല് കേസിലും റാപ്പര്‍ വേടനെതിരായ നിയമനടപടിയിലും തുടര്‍ന്നുള്ള രാഷ്ട്രീയ വിവാദങ്ങളിലും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിക്കേസുകളിൽ പിന്നാക്കമെന്നോ മുന്നാക്കമെന്നോയില്ലെന്നും ലഹരിക്കെതിരായ നടപടിയുടെ ഭാഗമാണെന്നും അത് അതുപോലെ തന്നെ ശക്തമായി തുടരുമെന്നും പിണറായി വിജയൻ പറഞ്ഞു. അതേസമയം, പുലിനഖം പോലുള്ള വിഷയങ്ങള്‍ അവധാനതയോടെ കൈകാര്യം ചെയ്യണമെന്നും വേടന്‍റെ പുല്ലിപ്പല്ല് കേസിനെ സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുലിനഖം പോലുള്ള കാര്യങ്ങള്‍ അവധാനപൂര്‍വം കൈകാര്യം ചെയ്യേണ്ടതാണ്. സ്വാഭാവികമായും അത് അവദാനതയോടെ കൈകാര്യം ചെയ്യുമെന്നും പിണറായി വിജയൻ പറഞ്ഞു.
പികെ ശ്രീമതിയെ സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുപ്പിക്കാത്തത് സംബന്ധിച്ച വിവാദങ്ങളിലും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ മറുപടി നൽകി. പികെ ശ്രീമതി, എകെ ബാലൻ തുടങ്ങിവയര്‍ പ്രായപരിധി കണക്കിലെടുത്ത് ഒഴിവായതാണ്. പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ചയിൽ ശ്രീമതിക്ക് ഇളവ് തീരുമാനിച്ചു. ഇളവ് കേരളത്തിന്‍റെ ഭാഗമായിട്ടല്ല. കേന്ദ്ര ക്വാട്ടയിൽ ആണ് ഇളവ്. സാധാരണ ഗതിയിൽ ശ്രീമതിയുടെ പ്രവര്‍ത്തനം കേന്ദ്രത്തിലാണ്. സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാം. എല്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും പങ്കെടുക്കാനാകില്ല. ഇവിടെ അവര്‍ക്ക് ചുമതലയില്ല. സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായുള്ള സെക്രട്ടേറിയറ്റിലും പങ്കെടുക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.