
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി നേതാവ്. പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്നാണ് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടന്റെ ഭീഷണി. രാഹുലിൻ്റെ തല ആകാശത്ത് കാണേണ്ടി വരുമെന്നും കാല് തറയിലുണ്ടാവില്ലെന്നും ഓമനക്കുട്ടൻ ഭീഷണി മുഴക്കി.
പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് നൽകാനുള്ള നീക്കം വിവാദമാക്കിയ നടപടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനിടെ നടത്തിയ സ്വാഗത പ്രസംഗത്തിനിടെയാണ് ഓമനക്കുട്ടന്റെ ഭീഷണി. നേരത്തെ ഡിസിസി ഓഫീസ് മാർച്ചിലും രാഹുലിനെതിരെ ഭീഷണി മുഴക്കിയിരുന്നു.
നൈപുണ്യ വികസന കേന്ദ്രത്തിനെതിരായ നീക്കമാണ് എംഎൽഎയുടേതെന്നും ഭിന്നശേഷി വിദ്യാർഥികളെ അപമാനിക്കുകയാണ് എംഎൽഎയെന്നും വ്യക്തമാക്കിയാണ് ബിജെപി ഇന്ന് എംഎൽഎ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. അതേസമയം നേരത്തെയും രാഹുലിനെതിരെ ഭീഷണി ഉണ്ടായിട്ടുണ്ട്. പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.