നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലടക്കം ഇതു പ്രചാരണ വിഷയമാക്കും. യു.ഡി.എഫിനോടു ചേര്‍ന്നുനില്‍ക്കുന്ന ക്രൈസ്തവ വോട്ടുകളെ ഭിന്നിപ്പിക്കാനുള്ള ബിജെ.പിയുടെ ശ്രമങ്ങളെ പൊളിക്കാനാണ് ഡല്‍ഹി വിഷയം കോണ്‍ഗ്രസ് ആയുധമാക്കുന്നത്.

തിരുവനന്തപുരം: ഡല്‍ഹി ലത്തീന്‍ അതിരൂപതയുടെ ഓശാനഞായര്‍ ദിനത്തിലെ കുരിശിന്റെ വഴിക്ക് പോലീസ് അനുമതി നിഷേധിച്ചത് കേരളത്തിലും രാഷ്ട്രീയ പ്രചാരണ വിഷയമാകും. സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണു നടപടിയെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ ക്രൈസ്തവ വിരുദ്ധതയ്ക്കു തെളിവായി ഇതിനെ ചര്‍ച്ചയാക്കാനാണു കോണ്‍ഗ്രസ് നീക്കം.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലടക്കം ഇതു പ്രചാരണ വിഷയമാക്കും. യു.ഡി.എഫിനോടു ചേര്‍ന്നുനില്‍ക്കുന്ന ക്രൈസ്തവ വോട്ടുകളെ ഭിന്നിപ്പിക്കാനുള്ള ബിജെ.പിയുടെ ശ്രമങ്ങളെ പൊളിക്കാനാണ് ഡല്‍ഹി വിഷയം കോണ്‍ഗ്രസ് ആയുധമാക്കുന്നത്. സി.പി.എമ്മും ബി.ജെ.പിക്കെതിരേ രംഗത്തു വന്നിട്ടുണ്ട്.
മുനമ്പം ഭൂമിവിഷയവും വഖഫ് ബില്ലും കൂട്ടിയോജിപ്പിച്ച് കേരളത്തിലെ ക്രൈസ്തവര്‍ക്കിടയിലേക്കു നുഴഞ്ഞുകയറാനാണു ബി.ജെ.പിയുടെ ശ്രമം. കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകള്‍ ലക്ഷ്യമിട്ടായിരുന്നു ഇത്. എന്നാല്‍ ഇതിനിടയിലാണ് ക്രൈസ്തവസഭകളുടെ ആസ്തി ചര്‍ച്ചയാക്കിയുള്ള ലേഖനം ആര്‍.എസ്.എസ്. മാസികയായ ഓര്‍ഗനൈസറില്‍ വന്നത്. അതു വിവാദമായപ്പോഴേക്കും ലേഖനം വെബ്‌സൈറ്റില്‍നിന്നു നീക്കി. ഇതിനുശേഷമാണ് ഡല്‍ഹിയില്‍ ഓശാനഞായര്‍ മുടങ്ങുന്നത്.
എല്ലാവര്‍ഷവും ഓള്‍ഡ് ഡല്‍ഹിയിലെ സെന്റ് മേരീസ് പള്ളിയില്‍നിന്ന് ഡല്‍ഹി അതിരൂപതയുടെ നേതൃത്വത്തില്‍ തിരുഹൃദയ പള്ളിയിലേക്കു കുരിശിന്റെ വഴി നടക്കാറുണ്ട്. ഇത്തവണത്തെ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചതിന്റെ കാരണം അറിയില്ലെന്ന് ഇടവക വികാരി പറഞ്ഞു. ഇതിനെതിരേ ഡല്‍ഹി ആര്‍ച്ച് ഡയോസിസ് കാത്തലിക് അസോസിയേഷന്‍ പ്രതികരിച്ചു. നടപടി ഞെട്ടിക്കുന്നതെന്നായിരുന്നു വിമര്‍ശനം.
ഗോള്‍ ഡാഖ് ഖാനായിലെ ഈ പള്ളിയിലാണു രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഈസ്റ്റര്‍, ക്രിസ്മസ് ദിനങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.
ക്രൈസ്തവസഭയില്‍നിന്നു വിമര്‍ശനമുണ്ടായതിനു പിന്നാലെ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു. ഡല്‍ഹിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമെന്നായിരുന്നു പ്രതികരണം. ദുഖവെള്ളിക്കും ഈസ്റ്ററിനുമെല്ലാം ഇത് ക്രൈസ്തവസമൂഹത്തില്‍ ചര്‍ച്ചയാക്കാനാണു കോണ്‍ഗ്രസ് തീരുമാനം. നിലമ്പൂരിലെ ക്രൈസ്തവ വോട്ടുകള്‍ ചോരുന്നില്ലെന്നുറപ്പിക്കാന്‍ ഈ മേഖലയിലും വ്യാപക പ്രചാരണം നടത്തും.
അതേസമയം, സുരക്ഷാ പ്രശ്‌നങ്ങളാണ് അനുമതി നിഷേധിക്കാന്‍ കാരണമെന്നു കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി. കഴിഞ്ഞ 11 മുതല്‍ ഡല്‍ഹിയില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കും അനുമതി നല്‍കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മും സി.പി.ഐയുമെല്ലാം പ്രതികരണവുമായി രംഗത്തു വന്നിട്ടുണ്ട്. ബി.ജെ.പിയില്‍നിന്ന് ക്രൈസ്തവര്‍ക്കു നീതി കിട്ടില്ലെന്ന രാഷ്ട്രീയചര്‍ച്ചയാണ് ഇടതുപക്ഷവും ലക്ഷ്യമിടുന്നത്.