ഇതോ വികസനം, അതോ ഭ്രാന്തോ?; ആനത്താരയില്‍ പണിയുന്ന കെട്ടിടത്തിന് മുകളിലൂടെ നടന്ന് ആനക്കൂട്ടം, വീഡിയോ വൈറല്‍


ഇതോ വികസനം, അതോ ഭ്രാന്തോ?; ആനത്താരയില്‍ പണിയുന്ന കെട്ടിടത്തിന് മുകളിലൂടെ നടന്ന് ആനക്കൂട്ടം, വീഡിയോ വൈറല്‍


രാണ് കാടിന്‍റെ അവകാശി എന്ന തര്‍ക്കം ഇപ്പോഴും തുടരുന്ന ഒന്നാണ്. കാടിനെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കാന്‍ ഓരോ ഭരണകൂടവും നിയമങ്ങൾ കൊണ്ട് വന്നിട്ടുണ്ടെങ്കിലും സര്‍ക്കാരിന്‍റെ പ്രാദേശിക സംവിധാനങ്ങളെ സ്വാധീനിച്ച് കാട് കൈയേറുന്ന മനുഷ്യരും കുറവല്ല. മൂന്നാറിലെ അനധികൃത കെട്ടിടങ്ങൾ കേരളത്തില്‍ ഇന്നും തീരാത്ത നിയമ യുദ്ധത്തിലാണെന്നത് മലയാളിക്ക് മുന്നിലെ യാഥാര്‍ത്ഥ്യമാണ്. എന്ത് കൊണ്ടാണ് കാട് കൈയേറരുതെന്ന് പറയുന്നത്? ബാക്കിയായ കാട് കൂടി മനുഷ്യന്‍ കൈയേറിയാല്‍ കാട്ടിലുള്ള മൃഗങ്ങളെല്ലാം നാട്ടിലേക്ക് ഇറങ്ങും. ഇത് മനുഷ്യ മൃഗസംഘർഷത്തിന് വഴി തെളിക്കുന്നു. അത് മാത്രമാണോ? അല്ല, അത്തരമൊരു കൈയേറ്റം പ്രാദേശികമായ സന്തുലിതാവസ്ഥയെയും തകിടം മറിക്കുന്നു. സമീപ കാലത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോ എന്ത് കൊണ്ട് കാട് കൈയേറി കെട്ടിടം നിർമ്മിക്കരുതെന്നത് തെളിവ് നല്‍കുന്നു. 

കൌശിക് ബറുവ എന്ന എക്സ് ഉപയോക്താവ് മാര്‍ച്ച് 18 ന് പങ്കുവച്ച അസമിലെ ഗുഹാവത്തിയില്‍ നിന്നുള്ള വീഡിയോ ഇപ്പോഴും സമൂഹ മാധ്യമ ഉപയോക്താക്കളായ പ്രകൃതി സ്നേഹികളെ അസ്വസ്ഥമാക്കി പ്രചരിക്കുകയാണ്. വീഡിയോയില്‍ ഒരു കൂട്ടം ആനകൾ പണി പണിത ഒരു കോണ്‍ക്രീറ്റ് കെട്ടിടത്തിന് മുകളിലൂടെ കയറി മറുവശത്ത് ഇറങ്ങാന്‍ ശ്രമിക്കുന്നത് കാണാം. കോണ്‍ക്രീറ്റിന്‍റെ ബല പരിശോധന എന്ന തരത്തിലാണ് കൌശിക് ബറുവ വീഡിയോ എക്സില്‍ പങ്കുവച്ചതെങ്കിലും അതിനും അപ്പുറത്ത് ചില കാര്യങ്ങളുണ്ടെന്ന് ഐഎഫ്എസ് ഓഫീസറായ പ്രവീണ്‍ കസ്വാന്‍ എഴുതുന്നു. 'അവരുടെ പൂർവ്വികർ പിന്തുടർന്ന പാതകൾ അവർ പിന്തുടർന്നു.' അദ്ദേഹം ഒറ്റ വരിയില്‍ പ്രശ്നമെന്താണെന്ന് എഴുതി. പിന്നാലെ പ്രവീണ്‍ കസ്വാനെ പിന്തുണച്ച് നിരവധി പേരാണ് കുറിപ്പുകളെഴുതിയത്. വീഡിയോ ഇതിനകം ഒരു ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. 



മുമ്പേ നടന്ന് മറഞ്ഞ് പോയ പൂര്‍വ്വ പിതാക്കൾ തെളിച്ച വഴിയുടെ ഓർമ്മകളിലാണ് ആനകൾ സഞ്ചരിക്കുന്നത്. അവയ്ക്ക് കാലങ്ങളായി ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി നിശ്ചതമായ ചില വഴിത്താരകളുണ്ട്. അവയെ മനുഷ്യന്‍ ആനത്താരകളെന്ന് വിളിച്ചു. ആനത്താരകൾ കൈയേറുന്നതോടെ അവയുടെ ഭക്ഷണവും വെള്ളവുമാണ് നിഷേധിക്കപ്പെടുന്നത്. അത്തരം കൈയേറ്റങ്ങൾ ആനകളോടുള്ള യുദ്ധം പ്രഖ്യാപനത്തിന് തുല്യമാണ്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ എഴുതിയതും അതുതന്നെയായിരുന്നു. ഹൃദയം തകർക്കുന്ന കാഴ്ച എന്നായിരുന്നു നിരവധി പേര്‍ എഴുതിയത്. ചിലര്‍ കേരളത്തിനും സമാന കാഴ്ചകാണെന്ന് എഴുതി. 'അവരുടെ പ്രദേശം കൈയേറിയ നമ്മൾ അവരുടെ ചലനവും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു, ഏറ്റവും അപകടകാരിയായ മൃഗം മനുഷ്യനാ'ണെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി. 'കോൺക്രീറ്റ് പരീക്ഷിച്ചിരിക്കാം, പക്ഷേ, ഈ ഭീമന്മാർക്ക് ഞങ്ങൾക്ക് ഒരു പരിഹാരം ആവശ്യമാണ്. നമ്മൾ അവരുടെ വീട് പിടിച്ചെടുത്തു, സൗരോർജ്ജ വേലികൾ സ്ഥാപിച്ചു, അവരുടെ നടപ്പാതകൾ തടഞ്ഞു, 99.9% വേട്ടയാടലും നിർത്തി, എന്നിട്ടും ഒന്നോ രണ്ടോ സംഭവങ്ങൾ ഇപ്പോഴും സംഭവിക്കുന്നു. അവർ എങ്ങോട്ട് പോകും? പൊട്ടിത്തെറിക്ക് ക്ഷമിക്കണം! അത് മോശമാണ്!' മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു.