ജീവൻ രക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്ത് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്
മേപ്പാടി : ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജും ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വോളന്റിയേഴ്സും സംയുക്തമായി ജീവൻ രക്ഷാ ഉപകരണമായ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്തു.
കിടപ്പുരോഗികൾക്ക് ജീവ വായുവിനായി ഓക്സിജൻ സിലിണ്ടറുകൾ ഉപയോഗിക്കുന്നതിനു പകരം അന്തരീക്ഷത്തിലെ ശുദ്ധമായ ഓക്സിജൻ ലഭ്യമാക്കുന്ന ഉപകരണമാണ് ഓക്സിജൻ കോൺസെൻട്രേറ്റർ.
ജീവൻ കാരുണ്യ പ്രവർത്തനങ്ങളിൽ ഗണ്യമായ പങ്കുവഹിക്കുന്ന വിവിധ പെയിൻ & പാലിയേറ്റീവ് കെയർ യൂണിറ്റുകളായ മൂപ്പൈനാട് പഞ്ചായത്ത് പാലിയേറ്റീവ് യൂണിറ്റ്, കല്പറ്റ ചാരിറ്റബിൾ സൊസൈറ്റി, സ്പർശം റിലീഫ് സെൽ അരപ്പറ്റ, ജ്യോതി പെയിൻ & പാലിയേറ്റീവ് യൂണിറ്റ് മേപ്പാടി, പീസ് വില്ലേജ് പിണങ്ങോട്, സാന്ത്വനം റിലീഫ് സെൽ റിപ്പൺ എന്നീ സെന്ററുകളിലേക്കാണ് ജീവൻ രക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തത്.
ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ വെച്ച് നടന്ന ഉപകരണങ്ങളുടെ വിതരണോദ്ഘാടനം മൂപ്പൈനാട് പഞ്ചായത്ത് പാലിയേറ്റീവിന് വേണ്ടി വൈസ് പ്രസിഡന്റ് ഷഹബാൻ സലാമിന് കൈമാറിക്കൊണ്ട് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവ്വഹിച്ചു. ചടങ്ങിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഡെപ്യൂട്ടി ജനറൽ മാനേജർമാരായ സൂപ്പി കല്ലങ്കോടൻ, ഡോ. ഷാനവാസ് പള്ളിയാൽ, ആസ്റ്റർ വളണ്ടിയർ ലീഡ് മുഹമ്മദ് ബഷീർ, ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ലിഡാ ആന്റണി, ഫാർമസി പ്രിൻസിപ്പാൾ ഡോ.ലാൽ പ്രശാന്ത് എന്നിവർ പങ്കെടുത്തു.