മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് അന്തരിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്നു

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് അന്തരിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്നു


മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് (78) അന്തരിച്ചു. കേന്ദ്രമന്ത്രിയും ദേശീയ വനിത കമ്മീഷൻ ചെയർപേഴ്‌സണായും, രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് ഗിരിജ.

പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. ഉദയ്പൂരിലെ വീട്ടിൽ ആരതി നടത്തുന്നതിനിടെ വിളക്കിൽ നിന്നാണ് ഗിരിജയുടെ ദുപ്പട്ടയ്ക്ക് തീപിടിച്ചത്. ശരീരത്തിന്റെ 90% പൊള്ളലേറ്റിരുന്നു. ഇന്നലെ അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

ഗിരിജയുടെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അനുശോചനം അറിയിച്ചു. ഗിരിജയുടെ വിയോഗം കോൺഗ്രസ് കുടുംബത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ഖർഗെ പറഞ്ഞു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഗിരിജയെ അനുസ്മരിച്ചു. വിദ്യാഭ്യാസം, സാമൂഹിക നീതി, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിൽ ഗിരിജ വ്യാസിന്റെ സംഭാവന വളരെ പ്രധാനപ്പെട്ടതാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.