
സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ചാവേര്‍ ആക്രമണം. 15 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്ന് സിറിയ ആരോപിച്ചു. (15 killed in suicide bombing at Damascus church)
ഡമാസ്‌കസിലെ സെന്റ് ഏലിയാസ് ചര്‍ച്ചിലാണ് ചാവേര്‍ ആക്രമണമുണ്ടായത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. അക്രമി ആദ്യം പള്ളിയിലേക്ക് ഇരച്ചെത്തി വെടിയുതിര്‍ത്തുവെന്നും ശേഷം അയാളുടെ കൈവശമുണ്ടായിരുന്ന എന്തോ പൊട്ടിത്തെറിച്ചെന്നുമാണ് ദൃക്‌സാക്ഷികള്‍ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണത്തില്‍ രണ്ട് പേര്‍ പങ്കാളികളായിട്ടുണ്ടെന്നും ഒരാള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടെന്നും രണ്ടാമനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും സിറിയന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
അസദ് ഭരണകൂടത്തിന്റെ പതനത്തിന് ശേഷം ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ഐഎസ് നടത്തുന്ന ആദ്യത്തെ ആക്രമണമാണിത്. 52 പേര്‍ക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സിറിയയുടെ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നും അക്രമികളെ എത്രയും പെട്ടെന്ന് കണ്ടെത്തി തക്കതായ ശിക്ഷ നല്‍കുമെന്നും സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറ പറഞ്ഞു.