നാവിക ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ-സൗദി; ഇന്ത്യൻ നാവിക യുദ്ധക്കപ്പലുകളായ ഐഎൻഎസ് തമാലും ഐഎൻഎസ് സൂറത്തും ജിദ്ദ തുറമുഖത്തെത്തി

നാവിക ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ-സൗദി; ഇന്ത്യൻ നാവിക യുദ്ധക്കപ്പലുകളായ ഐഎൻഎസ് തമാലും ഐഎൻഎസ് സൂറത്തും ജിദ്ദ തുറമുഖത്തെത്തി



റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പതിവ് നാവിക കൈമാറ്റങ്ങളുടെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ വിവിധോദ്ദേശ യുദ്ധക്കപ്പലായ ഐ.എൻ.എസ് തമാൽവും ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ ഐ.എൻ.എസ് സൂറത്തും ജിദ്ദ ഇസ്ലാമിക് തുറമുഖത്ത് എത്തിച്ചേർന്നു. നിരവധി മിസൈലുകളും നിരീക്ഷണ സംവിധാനങ്ങളും വഹിക്കുന്ന ഐ.എൻ.എസ് തമാൽ അടുത്തിടെ റഷ്യയിൽ കമ്മീഷൻ ചെയ്തതും ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അവസാന യുദ്ധക്കപ്പലുമാണ്. ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ നടന്ന ഈ സന്ദർശനത്തിൽ സൗദി-ഇന്ത്യൻ ഉന്നത ഉദ്യോഗസ്ഥരും ഇന്ത്യൻ സമൂഹാംഗങ്ങളും കപ്പലുകളെ ഊഷ്മളമായി സ്വീകരിച്ചു.

തുറമുഖ സന്ദർശന വേളയിൽ വെസ്റ്റേൺ ഫ്ലീറ്റ്, റോയൽ സൗദി നാവികസേനയുടെ നേതൃത്വം, മക്ക മേഖല സൗദി ബോർഡർ ഗാർഡ്സ് ഡയറക്ടർ ജനറൽ എന്നിവരുമായി ആശയവിനിമയവും, ജിദ്ദ മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്ററിലെ പ്രവർത്തനങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ചുള്ള പരിചയവും നടന്നു. ഇതോടൊപ്പം സൗദി-ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർ തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ ഐ.എൻ.എസ് തമാലിൽ ആതിഥേയത്വം വഹിച്ചു ഒരുക്കിയ സ്വീകരണ വിരുന്നും ശ്രദ്ധേയമായി. സൗദി ഉദ്യോഗസ്ഥരും കമാൻഡിംഗ് ഓഫീസർമാരായ ശ്രീധർ ടാറ്റ, സന്ദീപ് ഷോറി, കോൺസൽ ജനറൽ, ഇന്ത്യൻ സമൂഹാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ കലാ-സാംസ്‌കാരിക പരിപാടികളും അരങ്ങേറി.

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സമഗ്രമായ പ്രതിരോധ ബന്ധങ്ങളിൽ നാവിക സഹകരണം പ്രധാന ഘടകമായി തുടരുന്നു. 2021ലും 2023ലും ഇരുരാജ്യങ്ങളുടെയും നാവികസേനകൾ ചേർന്ന് “അൽ മുഹമ്മദ് അൽ ഹിന്ദി” എന്ന സമുദ്രാഭ്യാസം സംഘടിപ്പിച്ചിരുന്നു. ഇതിന് പുറമെ ഈ വർഷത്തിന്റെ തുടക്കത്തിൽ ഇരു രാജ്യങ്ങളിലെയും നാവികസേനാ സ്റ്റാഫ് തല ചർച്ചകളുടെ ആദ്യ റൗണ്ടും നടന്നു. പരിശീലനത്തിനും ശേഷി വർദ്ധിപ്പിക്കുന്നതിനുമായി നാവിക ഉദ്യോഗസ്ഥരും കേഡറ്റുകളും തമ്മിൽ കൈമാറ്റം പതിവായി നടത്തപ്പെടുന്നുണ്ട്.

അടുത്തിടെ റോയൽ സൗദി നാവികസേനയുടെ പ്രതിനിധി സംഘം പഠനപര്യടനത്തിനായി ഇന്ത്യയിലെ ഗുരുഗ്രാമിലുള്ള ഐ.എഫ്.സി-ഐ.ഒ.ആർ (ഇൻഫർമേഷൻ ഫ്യൂഷൻ സെന്റർ–ഇന്ത്യൻ ഓഷ്യൻ റീജിയൻ) സന്ദർശിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജിദ്ദയിലേക്കുള്ള ഇന്ത്യൻ നാവിക കപ്പലുകളുടെ പുതിയ സന്ദർശനം ഇരുരാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തത്തിന്റെ ശക്തമായ തെളിവായി മാറുന്നു. രണ്ട് നാവികസേനകളും തമ്മിലുള്ള സംയുക്ത പ്രവർത്തനാനുഭവവും ഏകോപനവും വർദ്ധിപ്പിക്കുന്നതിന് ഈ സന്ദർശനം ഗണ്യമായ സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.