വിദേശത്തുള്ള മകനെ കാണാന്‍ 3 മാസം മുമ്പ് യുകെയിലെത്തിയ വീട്ടമ്മ, ഹൃദയാഘാതം മൂലം മരിച്ചു


വിദേശത്തുള്ള മകനെ കാണാന്‍ 3 മാസം മുമ്പ് യുകെയിലെത്തിയ വീട്ടമ്മ, ഹൃദയാഘാതം മൂലം മരിച്ചു


കോഴിക്കോട്: മകനെ കാണാനായി യുകെയില്‍ എത്തിയ കുറ്റ്യാടി സ്വദേശിനിയായ വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. വേളം ചെറുക്കുന്നിലെ കാഞ്ഞിരോറ പരേതനായ ചോയിയുടെ ഭാര്യ ചന്ദ്രി (63) ആണ് മരിച്ചത്. ചന്ദ്രിയുടെ മകന്‍ സുമിത് യുകെയിലെ സതാംപ്ടണിലാണ് ജോലി ചെയ്തിരുന്നത്. മൂന്ന് മാസം മുന്‍പാണ് ഇവര്‍ മകന്റെ അടുത്ത് എത്തിയത്. ഇവിടെ വച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.നെഞ്ച് വേദന അനുഭവപ്പെട്ടപ്പോള്‍ ഗ്യാസ് സംബന്ധമായ പ്രശ്‌നമാകുമെന്ന് കരുതി അതിനുള്ള മരുന്ന് കഴിച്ച് വിശ്രമിക്കുന്നതിനിടെ വേദന വര്‍ധിക്കുകയും സതാംപ്ടണിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവിടെ നടത്തിയ പരിശോധനയില്‍ രക്തധമനികളില്‍ നാല് ബ്ലോക്കുകള്‍ കണ്ടെത്തി. സ്‌റ്റെന്റ് ഇടുന്ന ശസ്ത്രക്രിയ നടക്കവേ ഹൃദയസ്തംഭനം ഉണ്ടാവുകയും മരിക്കുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ നടക്കുന്നുണ്ട്. സുമിത്തും ഭാര്യ ജോയ്‌സിയും മൂന്ന് വര്‍ഷത്തോളമായി യുകെയില്‍ ജോലി ചെയ്തു വരികയാണ്.