ആറളം വനത്തിൽ ഉരുൾപൊട്ടി പാലപ്പുഴ പാലം മൂങ്ങി ഗതാഗതം നിലച്ചു ; അയ്യപ്പൻകാവ് - മണത്തണ മലയോര ഹൈവേ യിൽ കാപ്പുങ്കടവിൽ റോഡിലേക്ക് മണ്ണിടിഞ്ഞു

ആറളം വനത്തിൽ ഉരുൾപൊട്ടി
പാലപ്പുഴ പാലം മൂങ്ങി ഗതാഗതം നിലച്ചു ; അയ്യപ്പൻകാവ്  - മണത്തണ മലയോര ഹൈവേ യിൽ കാപ്പുങ്കടവിൽ റോഡിലേക്ക് മണ്ണിടിഞ്ഞു









ഇരിട്ടി:  ഇരിട്ടി ഉൾപ്പെടെ മലയോര മേഖലകളിൽ തുടർച്ചയായി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയിൽ  ജനജീവിതം ദുസ്സഹമാക്കി മാറ്റി. ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച പുലർച്ചെയുമായി പെയ്ത കനത്ത മഴയിൽ  ആറളം വനത്തിൽ ഉരുൾപൊട്ടി.  തുടർന്നുണ്ടായ മലവെള്ള പാച്ചലിൽ പാലപ്പുഴ പാലം വെള്ളത്തിൽ മുങ്ങി ഇതുവഴിയുടെ ഗതാഗതം തടസപ്പെട്ടു. മലയോര ഹൈവേയിൽ അയ്യപ്പൻകാവിൽ മണ്ണിടിച്ചൽ ഉണ്ടായി. കീഴൂർ-  വികാസ് നഗർ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു . ബുധനാഴ്ച പുലർച്ചയോടെ ഉണ്ടായ ശക്തമായ മഴ  മണിക്കൂറുകളോളം നീണ്ടുനിന്നു. ഇതിന് പിന്നാലെയാണ്  ആറളം ഉൾവനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായതെന്ന് സംശയിക്കുന്നു.  ചീങ്കണ്ണി പുഴയിൽ വെള്ളം ഉയർന്നതോടെ പാലപ്പുഴ പാലം നിറഞ്ഞു കവിഞ്ഞു. ഇതോടെ കാക്കയങ്ങാട് -പാലപ്പുഴ -ആറളം ഫാം -കീഴ്പ്പള്ളി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. രാവിലെ ഇരുചക്ര വാഹനങ്ങളിലും മറ്റും  തൊഴിലിടങ്ങളിലേക്ക് പോകേണ്ടവർ യാത്ര പാതിവഴിയിൽ അവസാനിപ്പിച്ചു. ഈ വർഷം രണ്ടാം തവണയാണ് പാലപ്പുഴ പാലം കരകവിഞ്ഞൊഴുകുന്നത്. ബാബലി പുഴ നിറഞ്ഞുകവിഞ്ഞതോടെ പഴശ്ശി പദ്ധതിയിലേക്കുള്ള നീരൊഴുക്കും കൂടി. പദ്ധതിയുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തി അധിക ജലം  വളപട്ടണം പുഴയിലേക്ക് ഒഴുക്കി വിട്ടു.
കീഴൂർ -വികാസ് നഗർ റോഡിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഗതാഗതം പൂർണമായും തടസ്സപ്പെടുകയും വൈദ്യുതി തൂണുകൾ തകരുകയും ചെയ്തു.  പ്രദേശത്തെ ഫാത്തിമ മൻസിലിൽ അസ്മയുടെ വീട് മണ്ണിടിച്ചാൽ ഭീഷണിയിലാണ്. വീടിന്റെ പുറകുവശത്തുള്ള കുന്ന് വീണ്ടും ഇടിഞ്ഞതോടെ കുടുംബം ഭീതിയിലായി. 2018ൽ ഉണ്ടായ മണ്ണിടിച്ചിൽ വീടിന്റെ അടുക്കള ഭാഗം വരെ മണ്ണ് എത്തിയിരുന്നു. ബുധനാഴ്ച ഉണ്ടായ മണ്ണിടിച്ചിൽ അസ്മയുടെ  വീട്ടിനോട് ചേർന്നുള്ള കിണറിന്റെ ആൾമറയോളം പൊക്കത്തിൽ മണ്ണും കല്ലും നിറഞ്ഞു . കിണർ  തകർച്ച ഭീഷണിയിലാണ്. കല്ലും മണ്ണും ഒലിച്ചിറങ്ങി പ്രദേശത്തെ റോഡും ചെളിക്കുളമായി.
എടൂർ-  മണത്തണ മലയോര ഹൈവേയുടെ ഭാഗമായ ആറളം പാലത്തിനും പാല പുഴയ്ക്കും ഇടയിലുള്ള  അയ്യപ്പൻ കാവിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കുന്നാണ്  ഇടിഞ്ഞ് റോഡിലേക്ക് പതിച്ചത്. റോഡ് നവീകരണ പ്രവർത്തി നടക്കുന്ന സ്ഥലമാണ് ഇവിടം. മഴ ശക്തമായാൽ ഇനിയും  കൂടുതൽ മണ്ണ് ഇടിയാനുള്ള  സാധ്യതയുണ്ട്.
മഴ പ്രതിസന്ധി സൃഷ്ടിച്ച് ഓണം വിപണി 
ചൊവ്വാഴ്ച രാത്രിയും  ബുധനാഴ്ച പുലർച്ചെയുമായി പെയ്ത  തോരാത്ത മഴ മലയോരത്തെ ഓണം വിപണിയിൽ വലിയ  പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.  ഉത്രാടത്തലേന്ന്  വിവിധ ആവശ്യത്തിനായി  നഗരത്തിൽ എത്തിയവർ മഴകാരണം വലിയ ദുരിതമാണ് അനുഭവിച്ചത്‌.  പൂക്കച്ചവടക്കാരും വഴിയോരക്കച്ചവടക്കാരും ഏറെ പ്രതിസന്ധിയിലായി.  ഇതര സംസ്ഥാനത്തു നിന്നും വൻതോതിൽ പൂവിറക്കി ഓണം വിപണി പൊടിപൊടിക്കാൻ നടത്തിയ ശ്രമത്തെ തകർക്കുന്ന രീതിയിൽ ആയിരുന്നു മഴയുടെ കലിതുള്ളൽ. ഇതോടെ നഗരത്തിന്റെ പാലഭാഗങ്ങളിലും രൂപപ്പെട്ട  വെള്ളക്കെട്ട്  ഉണ്ടാക്കിയ  ഗതാഗതക്കുരുക്കും ഓണം വിപണിയെ  ബാധിച്ചു.