ജീവന്‍മരണപ്പോരില്‍ ശ്രീലങ്കക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് അഫ്ഗാനിസ്ഥാന്‍, തോറ്റാല്‍ പുറത്ത്


ജീവന്‍മരണപ്പോരില്‍ ശ്രീലങ്കക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് അഫ്ഗാനിസ്ഥാന്‍, തോറ്റാല്‍ പുറത്ത്



അബുദാബി:ഏഷ്യാ കപ്പിൽ സൂപ്പര്‍ ഫോറിലെത്തണമെങ്കില്‍ വിജയം അനിവാര്യമായ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. കളിച്ച രണ്ട് കളികളും ജയിച്ച ശ്രീലങ്ക സൂപ്പര്‍ ഫോറിലേക്ക് ഒരു കാലെടുത്തുവെച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് അഫ്ഗാനെതിരെ കനത്ത തോല്‍വി വഴങ്ങിയാല്‍ ശ്രീലങ്കയും സൂപ്പര്‍ ഫോറിലെത്താതെ പുറത്താവാന്‍ സാധ്യതയുണ്ടെന്നതിനാല്‍ ഇരു ടീമുകള്‍ക്കും ഇത് ജീവന്‍മരണ പോരാട്ടമാകും. രണ്ട് മത്സരങ്ങൾ ;ജയിച്ച ബംഗ്ലാദേശിനും ഗ്രൂപ്പില്‍ നാലു പോയന്‍റുണ്ട്. ഇന്നത്തെ മത്സരത്തില്‍ അഫ്ഗാന്‍ ശ്രീലങ്കയെ തോല്‍പിച്ചാല്‍ മൂന്ന് ടീമുകള്‍ക്ക് നാലു പോയന്‍റ് വീതമാകും.നെറ്റ് റണ്‍റേറ്റാവും ഇതോടെ സൂപ്പര്‍ ഫോറിലെത്തുന്ന ടീമുകളെ നിശ്ചയിക്കുക. നിലവില്‍ ശ്രീലങ്ക നെറ്റ് റണ്‍റേറ്റില്‍ (+1.546) ബഹുദൂരം മുന്നിലാണ്. പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണെങ്കിലും ബംഗ്ലാദേശ് നെറ്റ് റണ്‍റേറ്റില്‍(0.270) പിന്നിലാണ്. ഇന്ന് ശ്രീലങ്കക്കെതിരെ നേരിയ മാര്‍ജിനില്‍ ജയിച്ചാല്‍ പോലും +2.150 നെറ്റ് റണ്‍റേറ്റുള്ള അഫ്ഗാനിസ്ഥാന് സൂപ്പര്‍ ഫോര്‍ ഉറപ്പാക്കാനാവും. എന്നാല്‍ ശ്രീലങ്കക്കെതിരെ അഫ്ഗാന്‍ തോറ്റാല്‍ ശ്രീലങ്കയും ബംഗ്ലാദേശും സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും. അഫ്ഗാനോട് ശ്രീലങ്ക 70 റണ്‍സ് വ്യത്യാസത്തിലോ 50 പന്ത് ബാക്കി നിര്‍ത്തിയോ ഇന്ന് തോറ്റാല്‍ അഫ്ഗാനും ബംഗ്ലാദേശും സൂപ്പര്‍ ഫോറിലെത്താനും ശ്രീലങ്ക പുറത്താവാനും നേരിയ സാധ്യത ബാക്കിയുണ്ട്.ശ്രീലങ്ക പ്ലേയിംഗ് ഇലവൻ: പാത്തും നിസങ്ക, കുശാൽ മെൻഡിസ്, കമിൽ മിഷാര, കുശാൽ പെരേര, ചരിത് അസലങ്ക(ക്യാപ്റ്റൻ), ദാസുൻ ഷനക, കാമിന്ദു മെൻഡിസ്, വാനിന്ദു ഹസരംഗ, ദുനിത് വെല്ലലഗെ, ദുഷ്മന്ത ചമീര, നുവാൻ തുഷാര.അഫ്ഗാനിസ്ഥാൻ പ്ലേയിംഗ് ഇലവൻ: സാദിഖുള്ള അടൽ, റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, മുഹമ്മദ് നബി, ദർവീഷ് റസൂലി, അസ്മത്തുള്ള ഒമർസായി, കരീം ജനത്, റാഷിദ് ഖാൻ (ക്യാപ്റ്റൻ), മുജീബ് ഉർ റഹ്മാൻ, നൂർ അഹമ്മദ്, ഫസൽഹഖ് ഫറൂഖീ.