
ഇടുക്കി: അടിമാലിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യയുടെ ഇടത് കാൽ മുറിച്ചുമാറ്റി. അടിയന്തര ശസ്ത്രക്രിയകൾ ഫലം കാണാതിരുന്നതിനെ തുടർന്നാണ് ഡോക്ടർമാർ കാൽ മുറിച്ചുമാറ്റാൻ നിർബന്ധിതരായത്. ഇപ്പോൾ ആലുവയിലെ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ് സന്ധ്യ. ശനിയാഴ്ച രാത്രി പത്തരയോടെ അടിമാലി കൂമ്പൻ പാറയിലെ ലക്‌ഷം വീട് ഉന്നതിയിലുണ്ടായ മണ്ണിടിച്ചിലാണ് സംഭവം. ദേശീയപാതയോട് ചേർന്ന കൂറ്റൻ കുന്ന് ഇടിഞ്ഞ് താഴേക്ക് പതിച്ചതിനെ തുടർന്ന് ബിജുവിൻറെത് ഉൾപ്പെടെ ആറോളം വീടുകൾ മണ്ണിനടിയിലായി. ഭാഗ്യവശാൽ മുൻകൂട്ടി അപകടസാധ്യത കണ്ട് 22 കുടുംബങ്ങളെ ഒഴിപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.
മാറ്റിപ്പാർപ്പിച്ച ശേഷം വീട്ടിലേക്ക് തിരികെ എത്തിയ ബിജുവും ഭാര്യ സന്ധ്യയുമാണ് അപകടത്തിൽ പെട്ടത്. വീടിന്റെ കോൺക്രീറ്റ് പാളികൾക്കിടയിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന ഇരുവരെയും രക്ഷിക്കാൻ രക്ഷാപ്രവർത്തകർ അതി ശ്രമമായി പ്രവർത്തിച്ചു. ദുഷ്കരമായ സാഹചര്യത്തിൽ പുലർച്ചെ മൂന്നരയോടെ സന്ധ്യയെ ജീവനോടെ പുറത്തെടുക്കാൻ കഴിഞ്ഞു. തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം അവരെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി അധികൃതർ അറിയിച്ച പോലെ സന്ധ്യയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.
പുലർച്ചെ നാലരയോടെ മണ്ണിനടിയിൽ നിന്ന് പുറത്തെടുത്ത ബിജുവിന് അന്നേരം ജീവൻ നഷ്ടമായിരുന്നു. കുടുംബം നേരത്തെ തന്നെ ദുരന്തങ്ങൾ നേരിട്ടിരുന്നു, ഒരു വർഷം മുൻപ് അസുഖം ബാധിച്ച് ബിജുവിന്റെ മകൻ മരണപ്പെട്ടിരുന്നു. ആ വേദനയിൽ നിന്ന് കരകയറാൻ തുടങ്ങിയിരിക്കെ വീണ്ടും വലിയ ദുരന്തം കുടുംബത്തെ തകർത്തിരിക്കുകയാണ്. ഭക്ഷണം കഴിക്കാൻ വേണ്ടി വീട്ടിലേക്ക് എത്തിയതാണ് ബിജുവും സന്ധ്യയും അതിനിടെയാണ് ഈ അപകടം സംഭവിച്ചതെന്നും ബിജുവിന്റെ സഹോദരി അഞ്ജു വ്യക്തമാക്കിയത്.
