നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിധി; പൾസർ സുനി ഒന്നാം പ്രതി, നടൻ ദിലീപ് എട്ടാം പ്രതി

നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിധി; പൾസർ സുനി ഒന്നാം പ്രതി, നടൻ ദിലീപ് എട്ടാം പ്രതി



കൊച്ചി: വർഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ കേരളം ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിധി പ്രഖ്യാപിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി. അന്തിമ വാദം പൂര്‍ത്തിയായ കേസില്‍ പ്രോസിക്യൂഷന്‍ ആരോപണങ്ങളിലെ സംശയ നിവാരണം അവസാനഘട്ടത്തിലാണ്.

2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ. പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് കേസില്‍ ഒന്നാം പ്രതി. നടന്‍ ദിലീപാണ് കേസിലെ എട്ടാം പ്രതി. ഇതുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പൾസർ സുനിയുമടക്കമുള്ളവ‍ർ ഇപ്പോൾ ജാമ്യത്തിലാണ്.

2024 സെപ്റ്റംബറിലാണ് നടിയെ ആക്രമിച്ച കേസിൽ സുനി ജാമ്യത്തിൽ പുറത്ത് ഇറങ്ങിയത്. കർശന വ്യവസ്ഥകളോടെയാണ് പൾസർ സുനിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം കിട്ടിയത്. രണ്ടു പേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസിൽ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു.

കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരെ കേസെടുത്തതതിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാൽ കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെന്ന് നിരീക്ഷിച്ചുകൊണ്ട് ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്, പി. കൃഷ്ണകുമാർ എന്നിവർ ഡിവിഷൻ ബെഞ്ച് ദിലീപിന്റ ഹരജി തള്ളുകയായിരുന്നു.