ശ്രീ ക്ഷമിക്കണം, ഈ ഉറുമ്പുകളുമായി എനിക്ക് ജീവിക്കാൻ വയ്യ, മകളെ നന്നായി നോക്കണം': കുറിപ്പെഴുതി യുവതി ജീവനൊടുക്കി


'ശ്രീ ക്ഷമിക്കണം, ഈ ഉറുമ്പുകളുമായി എനിക്ക് ജീവിക്കാൻ വയ്യ, മകളെ നന്നായി നോക്കണം': കുറിപ്പെഴുതി യുവതി ജീവനൊടുക്കി



ഹൈദരാബാദ്: ഉറുമ്പുകളോടുള്ള ഭയം (മെർമെക്കോഫോബിയ) കാരണം യുവതി ജീവനൊടുക്കി. 25 വയസ്സുകാരിയാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തെലങ്കാനയിലെ സംഗാരെഡ്ഡി ജില്ലയിലാണ് സംഭവം. യുവതിക്ക് ചെറുപ്പം മുതലേ ഉറുമ്പുകളെ ഭയമായിരുന്നു എന്നും ഇതിന് മുമ്പ് സ്വന്തം ടൗണിലെ ഒരു ആശുപത്രിയിൽ കൗൺസിലിംഗ് തേടിയിരുന്നു എന്നും പൊലീസിന് വിവരം ലഭിച്ചു.2022-ൽ വിവാഹിതയായ യുവതിക്ക് മൂന്ന് വയസ്സുള്ള മകളുണ്ട്. നവംബർ നാലിനെ രാവിലെ മകളെ യുവതി ബന്ധുവീട്ടിൽ വിട്ടു. വീട് വൃത്തിയാക്കിയ ശേഷം കൂട്ടിക്കൊണ്ടു വരാമെന്ന് പറഞ്ഞാണ് മകളെ ബന്ധുവീട്ടിലാക്കിയത്. രാവിലെ ജോലിക്കു പോയ ഭർത്താവ് വൈകുന്നേരം തിരിച്ചെത്തിയപ്പോൾ വീടിന്റെ പ്രധാന വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. അയൽവാസികളുടെ സഹായത്തോടെ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്ത കുറിപ്പിൽ ഇങ്ങനെ എഴുതിയിരുന്നു- "ശ്രീ, എന്നോട് ക്ഷമിക്കണം, ഈ ഉറുമ്പുകളുമായി എനിക്ക് ജീവിക്കാൻ കഴിയില്ല. മകളെ നന്നായി നോക്കണം. ശ്രദ്ധിക്കണം". ചില അമ്പലങ്ങളിൽ കഴിക്കേണ്ട വഴിപാടുകളെ കുറിച്ചും കുറിപ്പിൽ പറഞ്ഞിരുന്നു.വീട് വൃത്തിയാക്കുന്നതിനിടെ ഉറുമ്പുകളെ കണ്ടതിനെ തുടർന്ന് ഭയന്ന് യുവതി കടുംകൈ ചെയ്തതാകാമെന്ന് പൊലീസ് പറഞ്ഞു. ആമീൻപൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് പറഞ്ഞു.ഉറുമ്പുകളോടുള്ള തീവ്രമായ ഭയം മെർമെകോഫോബിയ എന്നാണ് അറിയപ്പെടുന്നത്. ഈ ഫോബിയ ഉള്ള വ്യക്തികൾക്ക് ഉറുമ്പുകളെ കാണുമ്പോൾ തന്നെ അങ്ങേയറ്റം ഭയം അനുഭവപ്പെടും. ചിലർക്കത് വലിയ പരിഭ്രാന്തിയുണ്ടാക്കാനിടയുണ്ട്.