ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാര്‍ അറസ്റ്റിൽ
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എന്‍ വാസുവിന് പിന്നാലെ വീണ്ടും നിര്‍ണായക അറസ്റ്റ്. 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ പത്മകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് പത്മകുമാറിന്‍റെ അറസ്റ്റ്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍. ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൊല്ലം വിജി കോടതിയിൽ ഇന്ന് തന്നെ പത്മകുമാറിനെ ഹാജരാക്കും.ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് പത്മകുമാറാണെന്ന നിഗമനത്തിലാണ് എസ്‌ഐടി. കേസില്‍ എട്ടാം പ്രതിയായി പത്മകുമാര്‍ അധ്യക്ഷനായ 2019ലെ ബോര്‍ഡിനെ പ്രതി ചേര്‍ത്തിരുന്നു. കെ ടി ശങ്കര്‍ദാസ്, പാലവിള എന്‍.വിജയകുമാര്‍ എന്നിവരായിരുന്നു അന്നത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍.എൻ വാസുവിനെ കസ്റ്റഡിയിൽ വിട്ടുശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിനെ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ വിട്ടു. രാവിലെ 11 മണിയ്ക്ക് കസ്റ്റഡി അപേക്ഷ പരിഗണിച്ച കൊല്ലം വിജിലൻസ് കോടതി വൈകിട്ട് 4 മണി വരെ വാസുവിനെ കസ്റ്റഡിയിൽ നൽകുകയായിരുന്നു. കൊട്ടാരക്കര സബ് ജയിലിൽ കഴിഞ്ഞ വാസുവിനെ വൻ പൊലീസ് സുരക്ഷയിലാണ് കോടതിയിൽ എത്തിച്ചത്. കസ്റ്റഡിയിൽ വാങ്ങിയ വാസുവുമായി പോയ പൊലീസ് വാഹനത്തിന് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയാണ് വാഹനം കടത്തിവിട്ടത്.