ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവം; വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്രീക്കുട്ടിയുടെ ചികിത്സ തുടരുന്നു

ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവം; വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്രീക്കുട്ടിയുടെ ചികിത്സ തുടരുന്നു



തിരുവനന്തപുരം: വർക്കലയിൽ മദ്യലഹരിയിൽ സഹയാത്രികൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ ആരോഗ്യനില ഇന്നും അതീവ ഗുരുതരമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ഡോക്ടർമാരുടെ നിർദ്ദേശാനുസരണം തുടർച്ചയായി സിടി സ്കാനും മറ്റ് വിദഗ്ധ പരിശോധനകളും നടത്തിക്കൊണ്ടിരിക്കുന്നു. വീഴ്ചയുടെ ആഘാതത്തിൽ തലച്ചോറിന് സാരമായ ചതവ് സംഭവിച്ചതായി കണ്ടെത്തിയിരിക്കുന്നു. എന്നാല്‍ ശരീരത്തിലെ മറ്റെല്ലുകളിലും വയറ്റിലോ നെഞ്ചിലോ വലിയ പരുക്കുകൾ ഇല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഭക്ഷണം നിലവിൽ ട്യൂബിലൂടെ നൽകുകയാണ്, കൂടാതെ സിടി ആൻജിയോഗ്രാം നടത്താനുള്ള തയ്യാറെടുപ്പും ആശുപത്രി അധികൃതർ ആരംഭിച്ചിട്ടുണ്ട്.

പരിക്കിൽ ഏറ്റവും ഗുരുതരമായി ബാധിച്ചത് ബ്രെയിൻസ്റ്റെമിനാണ്, ഇത് നാഡീപ്രവർത്തനത്തെ നേരിട്ട് ബാധിക്കുന്ന ഭാഗമായതിനാൽ ചികിത്സ അതീവ ജാഗ്രതയോടെ ആണ് മുന്നോട്ടുകൊണ്ടുപോകുന്നത്. ചെറിയ ചലനങ്ങൾ ഉണ്ടായിട്ടുള്ളതായി ചികിത്സയിൽ ഉള്ള പെൺകുട്ടിയുടെ കാര്യത്തിൽ ആശുപത്രി അധികൃതർ സൂചന നൽകിയിട്ടുണ്ട്. അവളുടെ നിലയും തുടർച്ചായി നിരീക്ഷണത്തിലാണെന്നാണ് വിവരം. നീണ്ടുനിൽക്കുന്ന പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കും ശേഷം മാത്രമേ ആരോഗ്യത്തിൽ മെച്ചത്തിന്‍റെ സൂചന ലഭിക്കുമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് വർക്കല പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പ്രതിയായ തിരുവനന്തപുരം വെള്ളറട പനച്ചുംമൂട് സ്വദേശിയായ സുരേഷ് കുമാർ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെയാണ് പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയതെന്ന് വ്യക്തമാക്കുന്നു. വഴിമാറിനിൽക്കാൻ തയ്യാറാകാതിരുന്നതാണ് വാക്കുതർക്കത്തിനും അതിന്റെ തുടർച്ചയായി സംഭവത്തിനും കാരണമായതെന്നും എഫ്ഐആറിൽ പറയുന്നു. മദ്യലഹരിയിലായിരുന്ന സുരേഷ് കുമാർ പെൺകുട്ടിയെ നടുവിൽ ചവിട്ടിയാണ് ട്രെയിനിന് പുറത്തേക്ക് തള്ളിയതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിരം മദ്യപാനിയും പ്രശ്നകാരനുമായ ഇയാളെതിരെ വധശ്രമക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.