
കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ പരാതിയില്‍ സംസ്‌കൃതം വിഭാഗം മേധാവി ഡോ. സി എന്‍ വിജയകുമാരിക്കെതിരെ കേസ് എടുത്ത് പൊലീസ്. ഗവേഷക വിദ്യാര്‍ഥിയായിരുന്ന വിപിന്‍ വിജയന്‍ ശ്രീകാര്യം പോലീസില്‍ ഇന്നലെ മൊഴി നല്‍കിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
എംഫിലില്‍ തന്റെ ഗൈഡായിരുന്ന അധ്യാപിക തനിക്ക് സംസ്‌കൃതം എഴുതാനും വായിക്കാനും അറിയില്ലെന്ന റിപ്പോര്‍ട്ട് സര്‍വകലാശാലയ്ക്ക് നല്‍കിയെന്ന് വിദ്യാര്‍ഥി പറഞ്ഞിരുന്നു. തനിക്ക് പിഎച്ച്ഡി ലഭിക്കുന്നത് കാണണമെന്ന് പറഞ്ഞ് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതമെന്ന് വിജയകുമാരി പറഞ്ഞെന്നും വിദ്യാര്‍ഥി ആരോപിച്ചിരുന്നു.
പുലയന് എന്തിനാണ് ഡോക്ടര്‍ വാല് എന്ന് അധ്യാപിക ചോദിച്ചു. മറ്റ് അധ്യാപകര്‍ക്ക് മുന്നില്‍ വച്ചായിരുന്നു അധിക്ഷേപം. പുലയന്മാര്‍ സംസ്‌കൃതം പഠിക്കണ്ട, പുലയനും പറയനും വന്നതോടെ സംസ്‌കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു. വിപിനെ പോലുള്ള നീച ജാതികള്‍ക്ക് എത്ര ശ്രമിച്ചാലും സംസ്‌കൃതം വഴങ്ങില്ല തുടങ്ങിയ പരാമര്‍ശങ്ങളാണ് ഡോ. സി എന്‍ വിജയകുമാരിയില്‍ നിന്നുണ്ടായെന്ന് വിദ്യാര്‍ഥി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ വൈസ് ചാന്‍സലര്‍ക്കും കഴക്കൂട്ടം എസ്പിക്കും വിപിന്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടാണ് മന്ത്രി നിര്‍ദേശിച്ചത്. കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് വൈസ് ചാന്‍സലറോടും രജിസ്ട്രാറോടും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
