കൂട്ടുപുഴ - വീരാജ്പേട്ട ചുരം റോഡിൽ മാക്കൂട്ടത്ത് വാഹനത്തിനു കുറുകെ ചാടി ഓടുന്ന പുലിയുടെ ദൃശ്യം മൊബൈൽ ക്യാമറയിൽ പതിഞ്ഞു
ഇരിട്ടി :കൂട്ടുപുഴ - വീരാജ്പേട്ട ചുരം റോഡിൽ മാക്കൂട്ടത്ത് വാഹനത്തിനു കുറുകെ ചാടി ഓടുന്ന പുലിയുടെ ദൃശ്യം മൊബൈൽ ക്യാമറയിൽ പതിഞ്ഞു. വിളക്കോട് ചാക്കാട് സ്വദേശികൾ സഞ്ചരിച്ച വാഹനത്തിനു കുറുകെ റോഡ് മുറിച്ചുകടന്ന് ഓടുന്ന പുലിയുടെ ദൃശ്യമാണ് മൊബൈൽ ക്യാമറയിൽ പതിഞ്ഞത് .
ബുധനാഴ്ച രാവിലെ 10 മണിയോടെ ഇരിട്ടിയിൽ നിന്നും വീരാജ്പേട്ട യിലേക്ക് പോവുകയായിരുന്ന ചാക്കാട് സ്വദേശികളായ കെഎസ്ഇബി ജീവനക്കാരൻ അനീഷും സുഹൃത്ത് ജ്യോതിഷും സഞ്ചരിച്ച കാറിനു മുന്നിലൂടെയാണ് പുലി ഓടിയത്. ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്നും മാക്കൂട്ടം വനപാതയുടെ വീഡിയോ ചിത്രീകരിക്കുന്നതിനിടെ കൂട്ടുപുഴ കഴിഞ്ഞ് മാക്കൂട്ടത്തിന് സമീപത്തായി പുഴയുടെ ഭാഗത്തുനിന്നും വനത്തിനുള്ളിലേക്ക് പുലി അതിവേഗം ഓടിപ്പോകുന്നത് മൊബൈൽ ക്യാമറയിൽ പതിയുകയായിരുന്നു. മാക്കൂട്ടം മേഖലയിൽ കാട്ടാനകളെയും മറ്റും ഇടയ്ക്ക് കാണാറുണ്ടെങ്കിലും പുലിയെ കാണുന്നത് അപൂർവ്വമാണ്.
