ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ടീം അംഗങ്ങൾക്ക് ആദരമൊരുക്കി പ്രധാനമന്ത്രി
ദില്ലി: വനിതാ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ താരങ്ങള്‍ക്ക് വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഔദ്യോഗിക വസതിയിലാണ് ഇന്ത്യൻ താരങ്ങള്‍ പ്രധാനമാന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ലോകകപ്പ് കിരീടവുമായാണ് ഇന്ത്യൻ താരങ്ങള്‍ പ്രധാനമന്ത്രിയെ കാണാനെത്തിയത്. ഞായറാഴ്ച മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന കിരീടപ്പോരില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ഇന്ത്യ ഏകദിന ലോകകപ്പില്‍ ആദ്യമായി കിരീടം നേടിയത്.ലോകകപ്പ് ട്രോഫിയുമായി പ്രധാനമന്ത്രിയെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ പറഞ്ഞു. 2017ലെ വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് വിജയത്തിനരികെ തോറ്റ് തിരിച്ചെത്തിയപ്പോഴും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയകാര്യം ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗര്‍ ഓര്‍ത്തെടുത്തു. അന്ന് കിരീടമില്ലാതെ ആയായിരുന്നു ഞങ്ങള്‍ പ്രധാനമന്ത്രിയെ കണ്ടത്. എന്നാലിന്ന് കിരീടവുമായാണ് പ്രധാനമന്ത്രിയെ കണ്ടത്. ഇത്തരം കൂടിക്കാഴ്ചകള്‍ ഇടക്കിടെ സംഭവിക്കട്ടെ എന്നാണ് ടീം ആഗ്രഹിക്കുന്നതെന്നും ഹര്‍മന്‍പ്രീത് പറഞ്ഞു.കിരീടം നേടിയ ഇന്ത്യൻ ടീം അംഗങ്ങളെ അഭിനന്ദിച്ചതിനൊപ്പം പ്രധാനമന്ത്രി ടീം അംഗങ്ങളെ മുഴുവന്‍ പ്രചോദിപ്പിച്ചുവെന്ന് വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന പറഞ്ഞു. ഫൈനലില്‍ ജയിച്ചശേഷം എങ്ങനെയാണ് ആ പന്ത് സ്വന്തമാക്കിയതെന്ന് പ്രധാനമന്ത്രി ഹര്‍മന്‍പ്രീതിനോട് ചോദിച്ചു. ആ ക്യാച്ച് തനിക്കു നേരെ വന്നത് ഭാഗ്യമായെന്നായിരുന്നു ഹര്‍മന്‍റെ മറുപടി. ക്യാച്ചെടുക്കുമ്പോള്‍ നിങ്ങള്‍ പന്താണ് കണ്ടതെങ്കില്‍ അതിനുശേഷം കണ്ടത് കിരീടമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. തന്‍റെ സഹോദരന്‍ പ്രധാനമന്ത്രിയുടെ വലിയ ആരാധകനാണെന്ന് ഇന്ത്യൻ പേസര്‍ ക്രാന്തി ഗൗഡ് പറഞ്ഞപ്പോള്‍ സഹോദരനെ നേരില്‍ക്കാണാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹത്തോട് വരാന്‍ പറയൂ എന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകകപ്പ് നേടിയ ടീമിലെ ടീമംഗങ്ങൾ ഒപ്പിട്ട ജേഴ്സി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് ബിസിസിഐ 51 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യൻ പുരുഷ ടീം ടി20 ലോകകപ്പ് നേടിയപ്പോള്‍ മുംബൈയില്‍ ഓപ്പണ്‍ ബസില്‍ വിക്ടറി മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ ഐപിഎല്‍ കിരീടം നേടിയ ആര്‍സിബിയുടെ വിക്ടറി മാര്‍ച്ചിനിടെ ഉണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ലോകകപ്പ് നേടിയ വനിതാ ടീമുമായി വിക്ടറി മാര്‍ച്ച് നടത്തുന്ന കാര്യത്തില്‍ ബിസിസിഐ നിലപാടെടുത്തിട്ടില്ല.