കണ്ണൂരിൽ കെഎസ്ആര്‍ടിസി ബസിന് അടിയിൽപ്പെട്ട് ഒരാള്‍ മരിച്ചു

കണ്ണൂരിൽ കെഎസ്ആര്‍ടിസി ബസിന് അടിയിൽപ്പെട്ട് ഒരാള്‍ മരിച്ചു


കണ്ണൂര്‍: കണ്ണൂർ നഗരത്തിൽ ബസിന് അടിയിൽപ്പെട്ട് ഒരാൾ മരിച്ചു. ഇന്ന് വൈകിട്ട് 3.20 ഓടെയാണ് ദാരുണമായ അപകടമുണ്ടായത്. കണ്ണൂര്‍ കാൾടെക്സ് എൻ എസ് ടാക്കീസിന് മുന്നിൽ വെച്ചാണ് അപകടമുണ്ടായത്. കെ എസ് ആർ ടി സി ബസിന് അടിയിൽ പെട്ടാണ് അപകടം. റോഡിലേക്ക് വീണയാളുടെ ദേഹത്ത് ബസിന്‍റെ പിൻവശത്തെ ടയർ കയറിയിറങ്ങുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനിടെ, ഇന്ന് വൈകിട്ട് തിരുവനന്തപുരം കഴക്കൂട്ടത്തും വാഹനാപകടമുണ്ടായി. കഴക്കൂട്ടത്ത് സ്കൂള്‍ ബസും കാറും തമ്മിലിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കഴക്കൂട്ടം മേനംകുളം സ്വദേശിയായ അലക്സാണ്ടര്‍ എന്നയാള്‍ക്കാണ് ഗുരുതരമായി പരിക്കറ്റത്. ഉടൻ തന്നെ അലക്സാണ്ടറിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. സ്കൂള്‍ ബസിലുണ്ടായിരുന്ന രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റെങ്കിലും ഗുരുതരമല്ല. സര്‍വീസ് റോഡിൽ നിന്നും ദേശീയപാതയിലേക്ക് കയറി കാറിൽ സ്കൂള്‍ ബസ് ഇടിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത കഴക്കൂട്ടം പൊലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു. അപകടത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.