'ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്തോ' ? വേങ്ങരയിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പോസ്റ്റർ


'ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്തോ' ? വേങ്ങരയിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പോസ്റ്റർ


മലപ്പുറം: വേങ്ങരയിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യ പ്രതിഷേധം. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കമാണ് പോസ്റ്റർ പ്രചാരണത്തിലേക്ക് എത്തിയത്. കുഞ്ഞാലിക്കുട്ടിയുടെ സഹോദരി പുത്രനായ അബു താഹിറിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് ലീഗ് നേതൃത്വം നിശ്ചയിച്ചതാണ് ഒരു വിഭാഗം പ്രവർത്തകരെ ചൊടിപ്പിച്ചത്. "വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്താണോ, സഹോദരി പുത്രന് തീറെഴുതി കൊടുക്കാൻ?" എന്നാണ് പലയിടത്തും പ്രതൃക്ഷപ്പെട്ട പോസ്റ്ററുകളിലുള്ളത്.'ഗ്രീൻ ആർമി' എന്ന പേരിലാണ് വെള്ളിയാഴ്ച രാവിലെ മുതൽ വേങ്ങരയുടെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. അബു താഹിറിനെ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിലൂടെ പാർട്ടിയിൽ കുടുംബവാഴ്ച അടിച്ചേൽപ്പിക്കുകയാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. തീരുമാനം പ്രവർത്തകർക്കിടയിൽ വലിയ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടിക്കുള്ളിൽ നിന്നുതന്നെയുള്ള ഈ പരസ്യ പ്രതിഷേധം ലീഗ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച പ്രകാരം അബു താഹിറുമായി മുന്നോട്ട് പോകാനാണോ, അതോ പ്രതിഷേധം തണുപ്പിക്കാൻ നേതൃത്വം ഇടപെടലുണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.