അടാട്ട് : തൃശൂർ അടാട്ട് ആമ്പലക്കാവിൽ അമ്മയെയും അഞ്ചര വയസുള്ള മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാനാട്ട് വീട്ടിൽ മോഹിത്തിന്റെ ഭാര്യ ശില്പ (30), മകൻ അക്ഷീജിത്ത് (അഞ്ചര വയസ്) എന്നിവരാണു മരിച്ചത്.
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയതാണെന്നാണു പ്രാഥമിക നിഗമനം. സ്വകാര്യ ബാങ്ക് ജീവനക്കാരനായ ഭർത്താവ് മോഹിത്ത് പനിയും ജലദോഷവും കാരണം മറ്റൊരു മുറിയിലായിരുന്നു രാത്രി ഉറങ്ങിയിരുന്നത്.
മോഹിത്തിന്റെ മാതാപിതാക്കളായ രവീന്ദ്രനും രുഗ്മിണിയും വീട്ടിലുണ്ടായിരുന്നെങ്കിലും രാവിലെയാണ് മരണവിവരം പുറംലോകമറിയുന്നത്. അമല മേരി റാണി സ്കൂളിലെ യുകെജി വിദ്യാർഥിയാണ് മരിച്ച അക്ഷീജിത്ത്.
സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരികയാണ്. മരിച്ച ശിൽപ്പ പിഎസ്സി പരീക്ഷകൾക്കായി പരിശീലനത്തിലായിരുന്നു. മരണകാരണം വ്യക്തമല്ല. മൊബൈലിൽ സൂക്ഷിച്ചിരുന്ന ആത്മഹത്യാ വോയ്സ് നോട്ട് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

