
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുകളിലുള്ള വാർഡുകളിൽ ബെഡ്ഡുകളുടെ അഭാവം. ഇതേത്തുടർന്ന് രോഗികളെ തറയിൽ കിടത്തി ചികിത്സ നൽകി. അത്യാഹിത വിഭാഗത്തിന് മുകളിലുള്ള സിഎൽ 33, സിഎൽ 34 തുടങ്ങിയ വാർഡുകളിലാണ് ബെഡ്ഡുകളുടെ അഭാവം നേരിടുന്നത്. ബെഡ്ഡ് കിട്ടാതെവരുന്ന രോഗികൾ ദിവസങ്ങളോളം തറയിൽ കിടക്കേണ്ടിവരികയാണ്.
കഴിഞ്ഞ ദിവസം സ്ട്രോക്കിനെത്തുടർന്ന് ഒരു വശം തളർന്ന് രാത്രി സിഎൽ വാർഡിൽ കൊണ്ടുവന്ന ആലപ്പുഴ സ്വദേശിനി വയോധികയ്ക്ക് ബെഡ്ഡില്ലാതെ വന്നത് ബന്ധുക്കളും ആശുപത്രി ജീവനക്കാരും തമ്മിൽ സംഘർഷത്തിനു കാരണമായി.
ന്യൂറോ വിഭാഗത്തിന്റെ ബെഡ്ഡുകളിൽ ഒഴിവില്ലെന്നും അതുകൊണ്ട് തറയിൽ കിടക്കണമെന്നും ആശുപത്രി ജീവനക്കാർ പറഞ്ഞു. എന്നാൽ, ആസ്ത്മരോഗിയായ വയോധികയ്ക്കു തറയിൽ കിടക്കാനാകാത്ത അവസ്ഥയായിരുന്നു.
മറ്റു മാർഗമില്ലാതെ തറയിൽ കിടത്തിയതോടെ വയോധിക ആസ്മയും സ്ട്രോക്കും കാരണം തറയിൽകിടന്ന് ഉരുളുകയായിരുന്നു. ഇതാണ് സംഘർഷത്തിനിടയാക്കിയത്. പിന്നീട് വയോധികയുടെ ബന്ധുക്കൾ പിആർഒയെ സമീപിച്ച് കാര്യങ്ങൾ വിശദീകരിച്ചു. തുടർന്ന് രാത്രി വൈകി വയോധികയ്ക്ക് ബെഡ്ഡ് ലഭിച്ചു.
ഗുരുതര രോഗം ബാധിച്ച് ചികിത്സ തേടുന്ന നിരവധി രോഗികളാണ് ബെഡ്ഡ് കിട്ടാതെ തറയിൽ കിടക്കുന്നത്. ഇത് അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.
ലിഫ്റ്റ് തകരാറിൽ
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ പ്രധാന ലിഫ്റ്റുകളിൽ ഒന്ന് തകരാറിൽ. ഇതേത്തുടർന്ന് രോഗികളുടെ ബന്ധുക്കളും ഡോക്ടർമാർ ഉൾപ്പെടെ ആശുപത്രി ജീവനക്കാരും ദുരിതത്തിൽ.
അത്യാഹിത വിഭാഗത്തിന് മുകളിലുള്ള വാർഡുകളിലേക്ക് രോഗികളെ കൊണ്ടുപോകുന്ന പ്രധാന ലിഫ്റ്റുകളിൽ ഒന്നാണ് തകരാറിലായിരിക്കുന്നത്. ഇതുവഴിയാണ് ആശുപത്രി ജീവനക്കാരും വാർഡുകളിലേക്കു പോകുന്നത്. ഈ ലിഫ്റ്റിന്റെ തകരാർ പരിഹരിക്കാൻ വൈകുന്തോറും രോഗികളുടെ കൂട്ടിരിപ്പുകാരും ജീവനക്കാരും ദുരിതം നേരിടേണ്ടിവരും.
