കുട്ടികളുടെ കയ്യിലുണ്ടായിരുന്ന 13500 രൂപ തട്ടിപ്പറിച്ചു, മദ്യം കുടിക്കാൻ നിര്‍ബന്ധിച്ചു, മാനന്തവാടിയിൽ രണ്ട് യുവാക്കൾ പിടിയിൽ
മാനന്തവാടി: പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ക്രൂരമായി മർദ്ദിക്കുകയും നിർബന്ധിച്ച് ലഹരി പദാർത്ഥങ്ങൾ ഉപയോഗിപ്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു യുവാക്കളെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. കൊണിയൻമുക്ക് സ്വദേശി അജിത്ത് കുമാർ 22 - ഡിങ്കൻ, കണിയാരം സ്വദേശി വിഷ്ണു (22) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.ഫെബ്രുവരി രണ്ടിന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. എരുമതെരുവിലെ തേയിലത്തോട്ടത്തിൽ വെച്ച് നാലംഗ സംഘം കുട്ടികളെ തടഞ്ഞുവെക്കുകയായിരുന്നു. ബിയർ കുപ്പി കൊണ്ടും വടി കൊണ്ടും കൈകൾ കൊണ്ടും കുട്ടികളെ സംഘം ക്രൂരമായി മർദ്ദിച്ചു. കുട്ടികളുടെ പക്കലുണ്ടായിരുന്ന 13,500 രൂപ സംഘം ബലമായി പിടിച്ചുവാങ്ങി. കൂടുതൽ പണം നൽകണമെന്നാവശ്യപ്പെട്ട് വധഭീഷണിയും മുഴക്ദ്ത പിന്നാലെ കുട്ടികളെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും കഞ്ചാവ് വലിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കുട്ടികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഗുരുതരമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടികളുടെ പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ജുവനൈൽ ജസ്റ്റിസ് ആക്ടും പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പിടിയിലായ അജിത്തിനെയും വിഷ്ണുവിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു