ആസ്സാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മുസ്ലിം വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചത് മതനിരപേക്ഷ സമൂഹത്തെ ഗൗരവമായി ഞെട്ടിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ആസ്സാം ബിജെപിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്നാണ് മുസ്ലിം സമൂഹത്തെ ലക്ഷ്യമിട്ട് വെടിയുതിർക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോ പങ്കുവെച്ചത്.
ആസ്സാമിലെ ‘മിയാ’ മുസ്ലിം സമൂഹത്തിനെതിരെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തുടർച്ചയായി നടത്തുന്ന വിദ്വേഷ പ്രസംഗങ്ങളും പരാമർശങ്ങളും ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭൂരിപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന തരത്തിൽ വർഗീയത പ്രോത്സാഹിപ്പിക്കുന്നത് ഗുരുതരമായ ജനാധിപത്യ പ്രതിസന്ധിയാണെന്നും അദ്ദേഹം പറയുന്നു.
മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ വംശഹത്യാ ആഹ്വാനം നടത്തുന്നതായി ആരോപണമുള്ള ഒരാൾ മതനിരപേക്ഷ രാഷ്ട്രത്തിൽ ഒരു സംസ്ഥാനത്തെ നയിക്കുന്നത് എങ്ങനെയാണ്? വിഷയത്തിൽ ആസ്സാം മുഖ്യമന്ത്രിയെ തിരുത്താനോ വിശദീകരണം ആവശ്യപ്പെടാനോ ബിജെപിയുടെ ദേശീയ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. ബിജെപിയുടെ പുറത്തു പറയാൻ മടിക്കുന്ന നിലപാടുകളാണ് ഹിമന്ത ബിശ്വ ശർമ്മ തുറന്നുപറയുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു.
ആസ്സാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മുസ്ലിം വംശഹത്യയ്ക്ക് പരസ്യമായി ആഹ്വാനം ചെയ്യുന്ന രീതിയിൽ വീഡിയോ പ്രചരിപ്പിച്ച നടപടി മതനിരപേക്ഷ സമൂഹത്തെ ഞെട്ടിക്കുന്നതാണ്. ആസ്സാം ബിജെപിയുടെ ഒഫീഷ്യൽ ഹാൻഡിലിൽ നിന്നാണ് ഹിമന്ത ബിശ്വ ശർമ്മ പോയിന്റ് ബ്ലാങ്കിൽ മുസ്ലിങ്ങൾക്കുനേരെ വെടിയുതിർക്കുന്ന വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്. ആസ്സാമിലെ മിയാ മുസ്ലിങ്ങൾക്കെതിരെ ഹിമന്ത ബിശ്വ ശർമ്മ തുടർച്ചയായി നടത്തുന്ന വിദ്വേഷ പ്രസംഗങ്ങളും പരാമർശങ്ങളും ബിജെപിയുടെ മനുഷ്യത്വവിരുദ്ധ വിഭജന രാഷ്ട്രീയത്തെയാണ് കാണിക്കുന്നത്. തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കുന്ന ആസ്സാമിൽ ഭൂരിപക്ഷ വോട്ടുകൾ ലാക്കാക്കിയാണ് ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ ഭരണഘടനയെ വെല്ലുവിളിച്ച് ഇങ്ങനെ വർഗീയത വിളമ്പുന്നത്. മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ വംശഹത്യ ആഹ്വാനം നടത്തുന്ന ഒരാൾ എങ്ങനെയാണ് മതനിരപേക്ഷ രാഷ്ട്രത്തിൽ ഒരു സംസ്ഥാനത്തെ നയിക്കുക?
ആസ്സാം മുഖ്യമന്ത്രിയെ തിരുത്താൻ ഇതുവരെ ബിജെപിയുടെ ദേശീയ നേതൃത്വം തയ്യാറായിട്ടില്ല. അവർ പുറത്തു പറയാൻ മടിക്കുന്ന കാര്യം ഹിമന്ത ബിശ്വ ശർമ്മ തുറന്നു പറഞ്ഞു എന്നതാണ് വസ്തുത. മിയാ മുസ്‌ലിങ്ങളെ ബുദ്ധിമുട്ടിക്കലാണ് തന്റെ ജോലിയെന്നും അവരെ സമ്മർദ്ദത്തിലാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും പറയുന്ന ആസ്സാം മുഖ്യമന്ത്രിയെ നിലയ്ക്കു നിർത്താൻ ആർഎസ്എസ്സിനാൽ നയിക്കപ്പെടുന്ന ബിജെപിക്ക് താല്പര്യമോ ത്രാണിയോ ഇല്ല.
കോൺഗ്രസ്സ് ബിജെപിക്കു സംഭാവനചെയ്ത നേതാവാണ് ഹിമന്ത ബിശ്വ ശർമ്മ. ഒരുകാലത്ത് ആസ്സാം കോൺഗ്രസ് പാർടിയുടെ മുഖവും സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയുമായിരുന്നു. 2015-ൽ കോൺഗ്രസ്സ് വിട്ടു ബിജെപിയിൽ ചേർന്നശേഷം വടക്കു കിഴക്കൻ ഇന്ത്യയിലെ ബിജെപിയുടെ എല്ലാ വർഗ്ഗീയ നീക്കങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് ഇദ്ദേഹമാണ്.
മുഖ്യമന്ത്രി പദവിയിലിരുന്നുകൊണ്ട് മുസ്ലിം ന്യൂനപക്ഷങ്ങളെ നിരന്തരം അപരവൽക്കരിക്കുന്ന പ്രസ്താവനകൾ നടത്തുന്ന ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ ഒരു നടപടിയും ഉണ്ടാകാത്തത് ബിജെപിയുടെ മനസ്സിലിരിപ്പാണ് അദ്ദേഹം പറഞ്ഞത് എന്നതിന്റെ തെളിവാണ്.

