വെറും ഊഹാപോഹം മാത്രം', എൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രം
ദില്ലി: ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടർ വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാനായി 10 കിലോയുടെ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം വ്യാജമെന്ന് കേന്ദ്രം. ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോയുടെ എൽപിജി സിലിണ്ടറുകൾ 10 കിലോ ആക്കി മാറ്റുമെന്ന വാർത്തകൾ വെറും ഊഹാപോഹം മാത്രമാണെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം തിങ്കളാഴ്ച വ്യക്തമാക്കിയത്. ഇത്തരം പ്രചാരണങ്ങൾ ആരും വിശ്വസിക്കരുതെന്ന് മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (മാർക്കറ്റിംഗ് ആൻഡ് ഓയിൽ റിഫൈനറി) സുജാത ശർമ്മ വിശദമാക്കി. 14.2 കിലോയുടെ ഗാർഹിക എൽപിജി സിലിണ്ടറുകൾ 10 കിലോ ആക്കി മാറ്റുന്നു എന്ന റിപ്പോർട്ടുകൾ തികച്ചും ഊഹാപോഹമാണ്. ദയവായി അത്തരം വാർത്തകൾ വിശ്വസിക്കരുതെന്നാണ് പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യാനായി ചേർന്ന മന്ത്രിതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അവർ വിശദമാക്കിയത്.</p><p>എൽപിജി വിതരണം സുസ്ഥിരമാക്കാനും കരിഞ്ചന്ത തടയാനുമാണ് നിലവിൽ സർക്കാർ ശ്രദ്ധിക്കുന്നതെന്നും സുജാത ശർമ്മ വിശദമാക്കി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ ഏകദേശം 3.5 ലക്ഷം ഗാർഹിക, വാണിജ്യ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) കണക്ഷനുകൾ നൽകാൻ സർക്കാരിന് കഴിഞ്ഞു. എൽപിജി വിതരണത്തിൽ ചില ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും, വിതരണ കേന്ദ്രങ്ങളിൽ സിലിണ്ടറുകൾക്ക് ക്ഷാമമില്ല. ആളുകൾ പരിഭ്രാന്തരായി സിലിണ്ടർ ബുക്ക് ചെയ്യുന്നത് കുറഞ്ഞിട്ടുണ്ട്. ഡെലിവറി സാധാരണ നിലയിലായി എന്നാണ് സുജാത ശർമ്മ വിശദമാക്കിയത്.വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകൾ അനുവദിക്കുന്നതിൽ പുതിയ നയം കൊണ്ടുവന്നതായും ജോയിന്റ് സെക്രട്ടറി അറിയിച്ചു.</p><p>ഇതനുസരിച്ച് വാണിജ്യ എൽപിജിയുടെ 50 ശതമാനം ഇനി മുതൽ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നേരിട്ട് അനുവദിക്കും. ഈ ക്വാട്ട റെസ്റ്റോറന്റുകൾ, ധാബകൾ, ഹോട്ടലുകൾ, വ്യവസായ കാന്റീനുകൾ, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, ക്ഷീരോത്പാദന യൂണിറ്റുകൾ, സർക്കാർ നടത്തുന്ന സബ്സിഡി കാന്റീനുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ, കുടിയേറ്റ തൊഴിലാളികൾക്കുള്ള 5 കിലോ സിലിണ്ടറുകൾ എന്നിവയ്ക്ക് നൽകാനാണ് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനകം 20 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഈ രീതിയിൽ വാണിജ്യ എൽപിജി അനുവദിക്കാൻ തുടങ്ങിയിട്ടുണ്ട്. ഏകദേശം 15,800 ടൺ എൽപിജി ഇങ്ങനെ വിതരണം ചെയ്തു കഴിഞ്ഞുവെന്നും സുജാത ശർമ്മ വ്യക്തമാക്കി.</p><p>പരിമിതമായ സ്റ്റോക്ക് ഉപയോഗിച്ച് കൂടുതൽ കുടുംബങ്ങളിലേക്ക് ഗ്യാസ് എത്തിക്കുക എന്നതാണ് 10 കിലോ സിലിണ്ടറിന്റെ വിതരണത്തിന്റെ ലക്ഷ്യമായി പ്രചാരണങ്ങൾ വിശദമാക്കിയത്. സാധാരണ ഗതിയിൽ ഒരു 14.2 കിലോ സിലിണ്ടർ 35-40 ദിവസം വരെ ലഭിക്കാറുണ്ട്. 10 കിലോ സിലിണ്ടർ ഏതാണ്ട് ഒരു മാസം വരെ ഉപയോഗിക്കാൻ സാധിക്കുമെന്ന് കണക്കാക്കുന്നു. സിലിണ്ടറിലെ ഗ്യാസിന്റെ അളവ് കുറയുന്നതിനനുസരിച്ച് അതിന്റെ വിലയിലും ആനുപാതികമായ കുറവ് വരുത്തും.