ഒമാൻ: അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തില്‍ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍റെ തിരിച്ചടി തുടരുകയാണ്.
ഇറാന്‍റെ ആക്രമണത്തില്‍ ഖസബ് തുറമുഖത്തെ എം/ടി സ്കൈ ലൈറ്റ് എന്ന ഇന്ധന ടാങ്കർ തകർന്നു. സ്ഫോടനത്തിന് പിന്നാലെ കപ്പലില്‍ വൻ തീപ്പിടിത്തമുണ്ടായി.
സംഭവത്തില്‍ നാലു പേർക്ക് പരിക്കേറ്റതായാണ് വിവരം. കപ്പലില്‍ 15 ഇന്ത്യക്കാരടക്കം 20 പേരായിരുന്നു ഉണ്ടായിരുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.
ഇന്ധന ടാങ്കറിലെ എല്ലാ ജീവനക്കാരേയും ഒഴിപ്പിച്ചു. അതേ സമയം ആക്രമണത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഗള്‍ഫ് രാജ്യങ്ങളില്‍ വിവിധയിടങ്ങളില്‍ ഇറാൻ ശക്തമായ ആക്രമണമാണ് നടത്തുന്നത്. ഒമാനില്‍ വിവിധയിടങ്ങളില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതാണ് റിപ്പോർട്ട്. ഇറാന്റെ ആക്രമണത്തില്‍ ഒമാനില്‍ അഞ്ചു പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഒമാനിലെ ദുക്കം തുറമുഖത്ത് രണ്ട് ഡ്രോണുകള്‍ പതിച്ചെന്നും തൊഴിലാളികളുടെ താമസ സ്ഥലത്തായാണ് ഡ്രോണുകള്‍ വീണതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ടുകള്‍ .ജനവാസ മേഖലയില്‍ നടന്ന ആക്രമണത്തില്‍ പ്രവാസിയായ ഒരു തൊഴിലാളിക്ക് പരിക്കേറ്റിട്ടുണ്ട്.
ഖമനെയിയുടെ വധത്തിനു ശേഷം ഇതുവരെ കാണാത്ത തിരിച്ചടി നല്‍കുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.
പിന്നാലെ അമേരിക്കയുടെ വിവിധ രാജ്യങ്ങളിലെ സൈനിക താവളങ്ങളടക്കമുള്ള 27 കേന്ദ്രങ്ങളിലേക്ക് ഇറാൻ ആക്രമണം നടത്തി. ഇറാഖ് എര്‍ബിലിലെ യുഎസ് സൈനിക താവളത്തിനുനേരെയും ആക്രമണം ഉണ്ടായി.
അമേരിക്കൻ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഗള്‍ഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങള്‍ക്കു നേരെ ആക്രമണം തുടങ്ങിയ ഇറാൻ ഇന്നലെ രാത്രിയില്‍ അത് ജനവാസ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
ദുബായ്, അബുദാബി, കുവൈറ്റ്, ബഹ്‌റൈൻ വിമാനത്താവളങ്ങള്‍ക്കു നേരെ ഇന്നലെ ഡ്രോണ്‍ ആക്രമണം ഉണ്ടായി. യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്ക് ഇറാൻ പ്രയോഗിച്ച നിരവധി മിസൈലുകള്‍ പ്രതിരോധ സംവിധാനങ്ങള്‍ തകർത്തു.
അതേ സമയം, ഇറാനെതിരായ ഇസ്രയേല്‍, അമേരിക്ക ആക്രമണവും തുടരുകയാണ്. വ്യോമാക്രമണത്തിലടക്കം ഇറാന് കനത്ത നാശനഷ്ടമുണ്ടായതായാണ് വിവരം.
