ഗതികെട്ട അവസ്ഥയിൽ നിർണായക തീരുമാനവുമായി അമേരിക്ക; ഇറാനുമേലുള്ള ഉപരോധം നീക്കി ഉത്തരവ്; 30 ദിവസത്തേക്ക് ഇളവ്


ഗതികെട്ട അവസ്ഥയിൽ നിർണായക തീരുമാനവുമായി അമേരിക്ക; ഇറാനുമേലുള്ള ഉപരോധം നീക്കി ഉത്തരവ്; 30 ദിവസത്തേക്ക് ഇളവ്


വാഷിങ്ടൺ: ലോക വിപണിയിലെ എണ്ണക്ഷാമം കുറയ്ക്കാനും വിലക്കയറ്റം തടയാനും തന്ത്രപരമായ നീക്കവുമായി അമേരിക്ക. ഇറാനിൽ നിന്നുള്ള അസംസ്കൃത എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും കൈമാറുന്നതിനും വിൽക്കുന്നതിനും 30 ദിവസത്തേക്ക് ഉപരോധം നീക്കി. ഇത് സംബന്ധിച്ച യുഎസ് ട്രഷറി ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിലും അനുബന്ധ ഉൽപ്പന്നങ്ങളും വഹിക്കുന്ന, നിലവിൽ കടലിൽ കുടുങ്ങിക്കിടക്കുന്നതോ അല്ലെങ്കിൽ ലോഡ് ചെയ്യപ്പെട്ടതോ ആയ ഇറാന്റെ എണ്ണ ശേഖരം വിപണിയിലെത്തിക്കാൻ ഇതിലൂടെ സാധിക്കും.ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ നിർണ്ണായക നീക്കം. ഇന്ധന വിലക്കയറ്റം നിയന്ത്രിക്കാനും വിപണിയിൽ എണ്ണയുടെ ലഭ്യത ഉറപ്പുവരുത്താനുമാണ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഇത്തരമൊരു അനുമതി നൽകിയത്. ഇറാനിൽ നിന്നുള്ള എണ്ണ വിപണിയിൽ എത്തുന്നതോടെ വിതരണത്തിലെ കുറവ് പരിഹരിക്കപ്പെടുമെന്നും ഇത് വില കുറയ്ക്കാൻ സഹായിക്കുമെന്നും യുഎസ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നു. ഒരു വശത്ത് ഇറാന്റെ മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോഴും, ആഭ്യന്തര വിപണിയിലെ എണ്ണവിലയും ആഗോള സാമ്പത്തിക സ്ഥിതിയും പരിഗണിച്ചാണ് ട്രംപ് ഭരണകൂടം ഇത്തരമൊരു താൽക്കാലിക ഉപരോധ ഇളവ് തീരുമാനമെടുത്തത്. യുദ്ധത്തെ തുടർന്ന് ആഗോള വിപണിയിൽ ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധി മറികടക്കാനുള്ള താത്കാലിക സംവിധാനം മാത്രമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.